നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിച്ചത് നഗരസഭയാണ്. എന്നാല്‍, ഇത് ശരിയായ നടപടിയല്ലെന്ന് കാണിച്ച് ഹൈക്കോടതി നഗരസഭയുടെ തീരുമാനത്തെ വിമര്‍ശിച്ച് ഡി സിനിമാസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ദിലീപിന് അനുകൂലമായ വിധി വരുന്നതിന് മുന്‍പ് താരത്തിനും ഡി സിനിമാസിനും പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവര്‍ത്തകനും ചെറുകഥാകൃത്തും ഫെഫ്ക അംഗവും യൂസഫലി കേച്ചേരി മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റുമായ സലിം ഇന്ത്യ നിരാഹാരം പ്രഖ്യാപിക്കുകയും രണ്ട് ദിവസം നിരാഹാരമിരിക്കുകയും ചെയ്തിരുന്നു. ഒരു ഇന്ത്യന്‍ പൗരന് കിട്ടേണ്ട എല്ലാ അവകാശങ്ങളും ദിലീപിന് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് കാണിച്ചാണ് സലിം ഇന്ത്യ സമരം പ്രഖ്യാപിച്ചത്. ഹൈക്കോടതി വിധി വന്നതോടെ ഇദ്ദേഹത്തിന്റെ സമരം വിജയിച്ചിരിക്കുകയാണ്.
ലാല്‍ ജോസ്, ഷാന്‍ റഹ്മാന്‍ അടക്കമുള്ളവര്‍ സലിം ഇന്ത്യക്ക് പിന്തുണയുമായി എത്തിയിരുന്നു. "ഒരു സിനിമ സ്‌നേഹിയുടെ ഒറ്റയാള്‍ നിരാഹാര സമരം. ഡി സിനിമാസ് അടപ്പിച്ചതിനെതിരെ നിരാഹാര സമരവുമായി കേച്ചേരി സ്വദേശി സലിം ഇന്ത്യ. ഇന്ന് രാവിലെ ചാലക്കുടി നഗരസഭക്ക് മുന്‍പില്‍ ശയന പ്രദക്ഷിണം ചെയ്താണ് സലിം തന്റെ പ്രതിഷേധ സമരം ആരംഭിച്ചത്." എന്നായിരുന്ന ഷാന്‍ റഹ്മാന്റെ കമന്റ്.