മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ മാവേലിക്കര, ചെങ്ങന്നൂര്‍ സിപിഎം ഏരിയ കമ്മറ്റിയിലെ പ്രധാന നേതാക്കള്‍ സ്വന്തം സ്ഥാനാര്‍ത്ഥിക്കുവേണ്ടി ആലപ്പുഴ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിയതോടെ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ ചെങ്ങറ സുരേന്ദ്രന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. ഇത് സിപിഐ നേതാക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സിപിഎം ജില്ലാ സെക്രട്ടറിയായ സി.ബി.ചന്ദ്രബാബുവാണ് ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ് ആലപ്പുഴയില്‍ നടക്കുന്നത്. മാവേലിക്കര ലോക്‍സഭാ മണ്ഡലം ഇക്കുറി സിപിഎമ്മിന് കൈവശപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സിപിഐ ഏകപക്ഷീയമായി ഏറ്റെടുക്കുകയായിരുന്നു. അതിനാല്‍ മാവേലിക്കരയില്‍ ഇക്കുറി പരാജയപ്പെട്ടാല്‍ സീറ്റ് സിപിഎമ്മിന് കൈമാറേണ്ടിവരും.
മാവേലിക്കര, ചെങ്ങന്നൂര്‍ ഏരിയ കമ്മറ്റിയില്‍ നിന്നുള്ള നേതാക്കളെ നിശ്ചിത ബൂത്തുകളുടെ ചുമതല ഏല്‍പ്പിച്ച് ഹരിപ്പാട് നിയോജകമണ്ഡലത്തിലാണ് സിപിഎം നിശ്ചയിച്ചിരിക്കുന്നത്. ഇവര്‍ ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രാഥമിക ഘട്ട പ്രവര്‍ത്തനം പോലും മാവേലിക്കരയില്‍ പൂര്‍ത്തിയായിട്ടില്ല. അഭ്യര്‍ഥന ചില സ്ഥലങ്ങളില്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.
മണ്ഡലത്തില്‍ നാമമാത്രമായ സ്ഥലങ്ങളില്‍ മാത്രമാണ് സിപിഐക്ക് സ്വാധീനമുള്ളത്. ഭവന സന്ദര്‍ശനം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീക്കണമെങ്കില്‍ സിപിഎമ്മിന്റെ സഹായം ലഭിച്ചെങ്കില്‍ മാത്രമെ സാധിക്കുകയുള്ളൂ. അതിനാല്‍ സിപിഎം നേതാക്കളുടെ അപ്രതീക്ഷിതമായ നീക്കം സിപിഐക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സിപിഎം നിലപാട് മാറ്റിയില്ലെങ്കില്‍ ആലപ്പുഴ, കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സിപിഐ പ്രവര്‍ത്തകരെ മാവേലിക്കരയിലേക്ക് വിളിക്കാനും നേതൃത്വം ആലോചിക്കുന്നു.