സപ്ലൈകോ ടെന്‍ഡര്‍ ക്രമക്കേടില്‍ വിജിലന്‍സ് കണ്ടെത്തല്‍ ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പരാതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
മായം ചേര്‍ത്ത 24 കരാറുകളുടെ കാര്യത്തില്‍ എന്ത് നടപടിയെടുത്തുവെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. സര്‍ക്കാരും സിവില്‍ സപ്ലൈസും ഇതുസംബന്ധിച്ച് 23-ന് കോടതിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സഭ നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ നിരീക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുവെന്നും സര്‍ക്കാര്‍ അറിയിച്ചു.
പരിശോധനയുടെ ഭാഗമായി ഒട്ടുമിക്ക ഇനങ്ങളുടെയും സാമ്പിളുകള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു. മൂന്ന് ജില്ലകളില്‍ മാത്രമാണ് പരിശോധന നടത്തിയത്. എന്നാല്‍ ഇവിടെ നിന്ന് ശേഖരിച്ച 24 ഇനങ്ങളിലും മായം ചേര്‍ത്തിട്ടുണ്ടെന്നെന്ന് തെളിഞ്ഞിരുന്നു. മായം ചേര്‍ക്കല്‍ നിരോധന നിയമം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലംഘിച്ചിരിക്കുകയാണ് ചെയ്തത്.
സംസ്ഥാന വ്യാപകമായി റെയ്ഡ് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. നിരപരാധികളായ പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിയ്ക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അവരെ നിര്‍ബന്ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവാരം കുറഞ്ഞ സാധനങ്ങള്‍ വിതരണം ചെയ്തിട്ടുള്ള കരാറുകാര്‍ക്ക് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പണം നല്‍കരുതെന്നും അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വിജിലന്‍സ് ശുപാര്‍ശയിലുണ്ട്.