സംസ്ഥാനത്തെ ബാറുകൾ തുറക്കുന്ന തരത്തിലുള്ള മദ്യനയം രൂപീകരിക്കാൻ സിപിഎമ്മിൽ ഏകദേശ ധാരണയായി. മദ്യലഭ്യത കുറഞ്ഞതോടെ നിരോധിത ലഹരിവസ്തുക്കളുടെ വിൽപന വന്‍തോതില്‍ കൂടിയിരിക്കുകയാണെന്നും അതുപോലെ യുവാക്കൾക്കിടയിൽ ലഹരിമാഫിയ പിടിമുറുക്കുന്നുണ്ടെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വിശദീകരിച്ചു. മുന്നണിയിലെ മറ്റുള്ള കക്ഷികളുമായി ഇക്കാര്യം കൂടിയാലോചിക്കാനും തീരുമാനമായി.
2007 മാർച്ച് ഒന്നിനു വി എസ് അച്യുതാനന്ദൻ സർക്കാർ നടപ്പാക്കിയ മദ്യനയം അടിസ്ഥാനമാക്കി പുതിയ നയം രൂപീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരും 2014 വരെ ഈ നയമാണ് തുടർന്നിരുന്നത്. 2014 മാർച്ച് 31നു ശേഷം ലൈസൻസ് പുതുക്കാത്ത 418 ബാറുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 850 ബാറുകളും തുറക്കാനുള്ള അനുമതിയാകും പുതിയ നയത്തോടെ ലഭിക്കുക.
എന്നാൽ ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവു നിലനിൽക്കുന്നതിനാൽ 400 മദ്യശാലകൾക്കേ ഇതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.