ശബരിമലയിലെ സ്വര്‍ണക്കൊടിമരം തകര്‍ക്കാനുള്ള നീക്കത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നു: കുമ്മനം

Webdunia
തിങ്കള്‍, 26 ജൂണ്‍ 2017 (19:56 IST)
ശബരിമലയിലെ സ്വര്‍ണക്കൊടിമരം തകര്‍ക്കാനുള്ള നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ ലാഘവത്തോടെ കാണുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംഭവത്തെ ലഘൂകരിച്ച് തള്ളിക്കളയാനാണ് ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ തുടക്കം മുതലേ ശ്രമിച്ചതെന്നും അതിന്‍റെ ചുവടുപിടിച്ച് ഐ ജി മനോജ് ഏബ്രഹാമും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണെന്നും കുമ്മനം ആരോപിച്ചു. 
 
സ്വര്‍ണക്കൊടിമരം മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്‍റെ ഭാഗമാണെന്ന പൊലീസ് വാദം തെറ്റാണ്. തെലുങ്ക് നാട്ടില്‍ ഇങ്ങനെയൊരു ആചാരം ഇല്ല. ഇക്കാര്യത്തില്‍ ആന്ധ്രയിലെയും തെലങ്കാനയിലെയും പുരോഹിതരോട് സംസാരിച്ചു. അങ്ങനെ ഒരു ആചാരം ഉള്ളതായി അവര്‍ക്കാര്‍ക്കും അറിയില്ല - കുമ്മനം വ്യക്തമാക്കി. 
 
കോടിക്കണക്കിന് ഭക്തര്‍ ആശ്രയകേന്ദ്രമായി കരുതുന്ന ഇടമാണ് ശബരിമല. അതിനുനേരെ ഉണ്ടാകുന്ന ഏതൊരു ചെറിയ നീക്കംപോലും അതീവ ഗൗരവമായി അന്വേഷിക്കണം. ശബരിമലയില്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം - കുമ്മനം ആവശ്യപ്പെട്ടു.
Next Article