കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ആലുവ സബ്ജയിലിൽ വിഐപി പരിഗണയെന്നതിന് വ്യക്തമായ തെളവ്. ദിലീപിന് പ്രത്യേക ഭക്ഷണവും സഹായിയും ഉള്‍പ്പെടയുള്ള സഹായമാണ് ജയില്‍ അധികൃതര്‍ താരത്തിനായി ഒരുക്കിയതെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്.
ജയിലില്‍ ആണെങ്കിലും എല്ലാവിധ സൌകര്യങ്ങളും ദിലീപിനായി ഒരുക്കിയിട്ടുണ്ട്. മോഷണക്കേസ് പ്രതിയായ തമിഴ്നാട് സ്വദേശിയാണ് താരത്തിന്റെ സഹായി. ദിലീപിന് തുണി അലക്കൽ, പാത്രം കഴുകൽ, ശുചിമുറി വൃത്തിയാക്കൽ തുടങ്ങിയവയാണു സഹായിയുടെ പണി. ഇത് പുറത്തറിഞ്ഞതോടെ ജയിലിൽ ദിലീപിനു നൽകിയിരിക്കുന്ന വിഐപി പരിഗണനയെക്കുറിച്ച് ജയിൽ വകുപ്പ് അന്വേഷണം തുടങ്ങി.
തടവുകാര്‍ക്ക് ഓരോ സെല്ലിനും പുറത്തുള്ള വരാന്തയിൽ ഭക്ഷണം എത്തിച്ചു നല്കുമ്പോള് ജയിൽ ജീവനക്കാർക്കു തയാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാനുള്ള സൌകര്യം ദിലീപിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയിൽ മെനുവിൽ പെടാത്ത, പ്രത്യേക വിഭവങ്ങളാണ് അടുക്കളയില്‍ അദ്ദേഹത്തിന് നല്‍കുന്നത്.
തടവുകാര്‍ക്കൊപ്പം പുറത്തിറങ്ങി കുളിക്കുന്ന രീതിയിലും ജയില്‍ അധികൃതര്‍ വിട്ടുവീഴ്ച നല്കി. തടവുകാരെല്ലാം കുളിച്ചശേഷം തിരിച്ച് സെല്ലില്‍ കയറിയ ശേഷമാണ് ദിലീപിനെ പുറത്തിറക്കുന്നത്. തുടര്‍ന്ന് പ്രത്യേകമായി ഒരുക്കിയ സ്ഥലത്താണ് താരത്തിന്റെ കുളി. എല്ലാവരും കുളിച്ചുപോയതിനുശേഷം ഒറ്റയ്ക്ക് കുളിക്കുന്നതിനുള്ള സൗകര്യവും ചെയ്ത് കൊടുത്തിട്ടുണ്ട്.