വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണില്‍ പൂജ നടത്തിയോ? വാസ്തവം ഇതാണ്

രേണുക വേണു

വെള്ളി, 12 ജൂലൈ 2024 (21:32 IST)
Vizhinjam Port - Fact Check

കേരളത്തിനു മുഴുവന്‍ അഭിമാനമായ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് അതിവേഗം അടുക്കുകയാണ്. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തുറമുഖം കമ്മീഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 
 
ട്രയല്‍ റണ്ണിനോടു അനുബന്ധിച്ച് തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പല്‍ 'സാന്‍ ഫെര്‍ണാണ്ടോ'യ്ക്കു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. അതേസമയം ട്രയല്‍ റണ്ണിനോടു അനുബന്ധിച്ച് വിഴിഞ്ഞം തുറമുഖത്ത് ഹൈന്ദവാചാര പ്രകാരമുള്ള പൂജ നടത്തിയെന്ന വ്യാജ പ്രചരണവും നടക്കുന്നു. ഒരു പൂജാരി വിഴിഞ്ഞം പോര്‍ട്ടിനുള്ളില്‍ പൂജ നടത്തുന്നു എന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. 
 
വിഴിഞ്ഞം പോര്‍ട്ടിനുള്ളില്‍ ഒരു തരത്തിലുള്ള മതാചാരങ്ങളും അനുവര്‍ത്തിച്ചിട്ടില്ല. പോര്‍ട്ടിനുള്ളില്‍ പൂജ നടന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. ഈ ചിത്രം 'Computer Generated or Modified Image' എന്നാണ് പരിശോധനകളില്‍ നിന്ന് വ്യക്തമായത്. ചില സംഘപരിവാര്‍ ഹാന്‍ഡിലുകളും മതമൗലിക വാദികളും വിഴിഞ്ഞം പോര്‍ട്ടലില്‍ പൂജ നടത്തിയെന്ന തരത്തില്‍ ഈ ചിത്രം പ്രചരിപ്പിക്കുകയാണ്. വ്യാജമാണെന്ന് വ്യക്തമായതോടെ പലരും പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍