കലാമണ്ഡലത്തിൽ അങ്ങനെ നോൺ വെജും എത്തി, തുടക്കം ചിക്കൻ ബിരിയാണി വിളമ്പികൊണ്ട്

അഭിറാം മനോഹർ

വെള്ളി, 12 ജൂലൈ 2024 (17:05 IST)
തൃശൂര്‍: കലാമണ്ഡലത്തില്‍ ഇനി നോണ്‍ വെജ് ഭക്ഷണങ്ങളും. ഇതുവരെ നിലനിന്ന രീതികള്‍ക്ക് മാറ്റം വരുത്തിയാണ് കലാമണ്ഡലത്തില്‍ നോണ്‍ വെജ് വിഭവങ്ങളും വിളമ്പി തുടങ്ങിയത്. ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി കൊണ്ടാണ് മാറ്റത്തിന് തുടക്കമായത്. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ക്യാമ്പസില്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ അനുവദിക്കുന്നത്.
 
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഓര്‍ഡര്‍ ചെയ്തുവരുത്തിയ ചിക്കന്‍ ബിരിയാണിയാണ് കാന്റീനില്‍ വിളമ്പിയത്. 1930ല്‍ സ്ഥാപിതമായ കലാമണ്ഡലത്തില്‍ ഗുരുകുല സമ്പ്രദായ പഠനത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ കാലത്തിനനുസരിച്ച് നോണ്‍ വെജ് ഉള്‍പ്പടെയുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യം വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു.
 
 അതേസമയം ഫാക്കല്‍റ്റി അംഗങ്ങളില്‍ ഒരു വിഭാഗത്തിന് ക്യാമ്പസില്‍ നോണ്‍ വെജ് അനുവദിച്ചതില്‍ എതിര്‍പ്പുണ്ട്. ഉഴിച്ചില്‍,പിഴിച്ചില്‍ തുടങ്ങിയ ഓയില്‍ തെറാപ്പിക്ക് വിധേയമാകുമ്പോള്‍ സസ്യേതര ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ഇവരുടെ വാദം. വിദ്യാര്‍ഥികള്‍ക്ക് എല്ലാ ഭക്ഷണവും കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ക്യാമ്പസില്‍ ആയിരിക്കുമ്പോള്‍ അത് കഴിക്കരുതെന്നാണ് അഭിപ്രായമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍