വിവാദമായ 2 ജി സ്പെക്ട്രം അഴിമതിത്തുകയ്ക്ക് മുമ്പില്‍ പഴയ അഴിമതിയാരോപണങ്ങള്‍ നിസ്സാരമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍. 1.76 ലക്ഷം കോടിയിലേറെ രൂപ തട്ടിയെടുത്ത എ രാജയ്ക്ക് മുമ്പില്‍ അഞ്ചരലക്ഷം രൂപയുടെ അഴിമതിയാരോപണത്തില്‍ പഴി കേട്ട പനമ്പിള്ളി ഗോവിന്ദമേനോനും ഭാര്യയ്ക്കു വൈരമാല വാങ്ങിയെന്ന ആരോപണത്തിന്റെ പേരില്‍ കെ എ ദാമോദരമേനോനും നിസ്സാരരാണ്.
ഇതിന്റെ പേരില്‍ വര്‍ഷങ്ങളോളം ഇവര്‍ അപമാനം സഹിച്ചതോര്‍ത്തു കഷ്ടം തോന്നുന്നു. മാത്രമല്ല ഇന്നത്തെ അഴിമതിത്തുകയുടെ വലുപ്പം കാണുമ്പോള്‍ പണ്ടു കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചു നാണം തോന്നുന്നുവെന്നു അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ രണ്ടു വര്‍ഷത്തെ ഭക്ഷ്യസുരക്ഷയ്ക്ക് ആവശ്യമായ പണമാണു എ രാജയെന്ന ഒരാള്‍ തട്ടിയെടുത്തത്. ജനങ്ങളെ പച്ചയായി പോക്കറ്റടിക്കുന്ന സാമ്പത്തികനയമാണു കേന്ദ്രസര്‍ക്കാരിന്റേതെന്നു അദ്ദേഹം ആരോപിച്ചു.
പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ 31നു സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി ഒന്നു മുതല്‍ ഏഴുവരെ അഴിമതിക്കെതിരെ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. ഹൈദരാബാദില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കോഴിക്കോട്ടു വിളിച്ചുചേര്‍ത്ത ജില്ലാ ജനറല്‍ ബോഡിയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.