മലപ്പുറത്ത് വീണ്ടും മുസ്ലീം ലീഗ്-കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍. സിപിഎമ്മിന്റെ പിന്തുണയുമായി കരുവാരക്കുണ്ട് പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവര്‍ക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതേതുടര്‍ന്ന് മുസ്ലീം ലീഗ് നേതൃത്വം നല്‍കിവന്നിരുന്ന കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്-സിപിഐഎം ബന്ധം പുറത്തുവരുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റായ കെ. മുഹമ്മദ് മാസ്റ്റര്‍ക്കെതിരെ കോണ്‍ഗ്രസിലെ വി. ആബിദലിയാണ് പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയം ഒമ്പതിനെതിരെ 11 വോട്ടുകള്‍ നേടി പാസാകുകയും ചെയ്തു. മാത്രമല്ല, വൈസ് പ്രസിഡന്റ് റോഷ്‌നി സുരേന്ദ്രനെതിരായ പ്രമേയം ഒമ്പതിനെതിരെ 12 വോട്ടുകളോടെയും അംഗീകരിക്കപ്പെട്ടു.ഫണ്ടുകള്‍ ലഭ്യമാക്കുന്നതിലും വിനിയോഗിക്കുന്നതിലും പ്രസിഡന്റ് പുലര്‍ത്തുന്ന ഏകാധിപത്യ മനോഭാവവും അലംഭാവവുമാണ് അവിശ്വാസപ്രമേയത്തിന് കാരണമായതെന്നാണ് കോണ്‍ഗ്രസ് നിലപാട്.