മാഡം ആര് ?; പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല; സുനിയെ ഹാജരാക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആളൂര്‍

ബുധന്‍, 16 ഓഗസ്റ്റ് 2017 (12:40 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞതിന് പിന്നാലെ പൊലീസ് സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല. 
രണ്ടു കേസുകളുടെയും റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് സുനിയെ ഇന്ന് കോടതികളില്‍ ഹാജരാക്കാന്‍ തീരുമാനിച്ചത്.
 
ആഗസ്റ്റ് 16ന് കേസിലെ മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്ന് നേരത്തെ തന്നെ സുനി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് വന്‍ മാധ്യമ സംഘമാണ് കാക്കനാട് ജയിലിന് മുന്നില്‍ രാവിലെ എത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പെടാതിരിക്കാന്‍ ജയിലിന് അകത്തേക്ക് വാഹനം കയറ്റിയാണ് സുനിയുമായി പൊലീസ് എത്തിയത്. 
 
തുടര്‍ന്ന് എറണാകുളം കോടതിയില്‍ എത്തിച്ചപ്പോഴാണ് മാഡം സിനിമാ നടിയാണെന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് പറയുമെന്നും സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇവിടെ നിന്നും പൊലീസ് സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല.
 
നടിയെ ആക്രമിച്ച കേസാണ് അങ്കമാലി കോടതിയുടെ പരിഗണനയിലുളളത്. സുനിയുടെ റിമാന്‍ഡ് കാലാവധി എറണാകുളം കോടതി ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. ചില നടിമാരുടെ പേരുകള്‍ സുനി പറഞ്ഞിട്ടുണ്ടെന്നും അവരുടെ പേരുകള്‍ സുനി തന്നെ വെളിപ്പെടുത്തട്ടെ എന്നുമാണ് അഭിഭാഷകനായ ആളൂര്‍ പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക