മന്ത്രി ജലീലിന് സൌദിയില്‍ പോകാന്‍ അനുമതിയില്ല; ദൌര്‍ഭാഗ്യകരമെന്ന് ജലീല്‍; പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ലെന്നും മന്ത്രി

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (21:07 IST)
തൊഴില്‍ നഷ്ടപ്പെട്ട് കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ അറിയാനും അവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാനുമായി വെള്ളിയാഴ്ച വൈകുന്നേരം സൌദിക്ക് പോകാനിരുന്ന മന്ത്രി കെ ടി ജലീലിന്‍റെ യാത്രയ്ക്ക് അനുമതി നിഷേധിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.
 
മന്ത്രിക്കുള്ള ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിന്‍റെ അപേക്ഷയാണ് നിരസിച്ചിരിക്കുന്നത്. അങ്ങേയറ്റം നിര്‍ഭാഗ്യകരമായ കാര്യമാണിതെന്ന് മന്ത്രി ജലീല്‍ പ്രതികരിച്ചു. സൌദിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ലഭിക്കുമായിരുന്ന ഒരു നിയമസഹായ പരിരക്ഷയ്ക്കാണ് ഇതിലൂടെ തടസം വന്നിരിക്കുന്നത് - മന്ത്രി പറഞ്ഞു. 
 
യാത്രയ്ക്കുള്ള അനുമത്രി നിഷേധിച്ചതിന്‍റെ കാരണം എന്തെന്നറിയില്ലെന്ന് ജലീല്‍ പറഞ്ഞു. ഈ നടപടിക്ക് പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടോ എന്നറിയില്ല. യു പിയിലൊക്കെ തെരഞ്ഞെടുപ്പ് വരികയാണല്ലോ. സൌദിയില്‍ കുടുങ്ങിയിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ യു പിയില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് നമ്മള്‍ പോകുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ പോകാന്‍ തയ്യാറാകും. ഇതാണോ അനുമതി നിഷേധിച്ചതിന്‍റെ കാരണമെന്നറിയില്ല - ജലീല്‍ പറഞ്ഞു.
Next Article