ഭരിക്കുന്നത് പിണറായി വിജയന്റെ വല്ല്യേട്ടനല്ല! കോടിയേരിയെ തെക്കോട്ടെടുക്കാനായില്ലേ? - കൊലവിളിയുമായി ശോഭ സുരേന്ദ്രന്‍

വ്യാഴം, 10 ഓഗസ്റ്റ് 2017 (07:24 IST)
സംഘപരിവാറിന്റെ കേരളത്തിലെ വനിതാ മുഖങ്ങളായ ശോഭ സുരേന്ദ്രനും ശശികലയും എതിര്‍ കക്ഷികളെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ്. പ്രത്യേകിച്ചും സിപി‌എം നേതാക്കളെ. സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതിരൂക്ഷമായ ഭാഷയില്‍ കടന്നാക്രമിക്കുന്ന ശോഭ സുരേന്ദ്രന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.
 
ഇന്ത്യ ഭരിക്കുന്നത് പിണറായി വിജയന്റെ വല്ല്യേട്ടനല്ല, അത് ആര്‍ എസ് എസുകാരനായ നരേന്ദ്ര മോദിയാണെന്നും ശോഭ പറയുന്നു. ‘കളി വേണ്ട മോനേ ദിനേശാ. വഴി മാറുന്നതാണ് ക്രിമിനലുകള്‍ക്ക് നല്ലതെന്നും ശോഭാ സുരേന്ദ്രന്‍ ഓര്‍മ്മിപ്പിക്കുന്നു.
 
കോടിയേരി ബാലകൃഷ്ണനെതിരെ കൊലവിളി നടത്താനും ശോഭ മറന്നില്ല. കോടിയേരിയെ തെക്കോട്ട് എടുക്കാന്‍ സമയമായെന്നാണ് കോട്ടയം പൊൻകുന്നത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ ശോഭ പറഞ്ഞത്. കോടിയേരി ഇനിയെങ്കിലും നേരാവണ്ണം ജീവിക്കണം. കോടിയേരിക്ക് കേരളത്തില്‍ മാത്രം സഞ്ചരിച്ചാല്‍ മതിയോ എന്നും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ പോകേണ്ടി വരില്ലെ എന്നും ശോഭ പ്രസംഗത്തില്‍ ചോദിച്ചു.
 
മോദി ഭക്തരായ ആര്‍എസ്എസ് പരിശീലനം ലഭിച്ച നിരവധി പേര്‍ സംസ്ഥാന പൊലീസ് സേനയിലുണ്ട്. അവരെ ഉപയോഗിച്ച് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുമെന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍‌കുമാറിനെ ഉദ്ദാഹരണമാക്കി ശോഭ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക