പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി, തിരൂര്‍ മണ്ഡലങ്ങള്‍ ലീഗ് നിലനിര്‍ത്തി; പെരിന്തല്‍മണ്ണയില്‍ മഞ്ഞളാം കുഴി അലിയുടെ വിജയം 2290 വോട്ടുകള്‍ക്ക്

Webdunia
വ്യാഴം, 19 മെയ് 2016 (12:56 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ഞളാംകുഴി അലി വിജയിച്ചു. 2290 വോട്ടുകള്‍ക്കാണ് സി പി എം സ്ഥാനാര്‍ത്ഥിയായ വി ശശികുമാറിനെ പരാജയപ്പെടുത്തിയത്. മലപ്പുറം, മഞ്ചേരി, തിരൂര്‍ എന്നീ മണ്ഡലങ്ങള്‍ ലീഗ് നിലനിര്‍ത്തി. 35672 വോട്ടുകള്‍ക്ക് മലപ്പുറത്തു നിന്നും പി ഉബൈദുള്ളയും 19616 വോട്ടുകള്‍ക്ക് മഞ്ചേരിയില്‍ നിന്നും എം ഉമ്മറും  വിജയിച്ചപ്പോള്‍ തിരൂര്‍ മണ്ഡലത്തില്‍ നിലവിലെ എം എല്‍ എ സി മമ്മുട്ടി 7061 വോട്ടുകള്‍ക്ക് ഇടതു സ്വതന്ത്രന്‍ ഗഫൂര്‍ പി ലില്ലീസിനെ പരാജയപ്പെടുത്തി. 
 
വേങ്ങരമണ്ഡലം നിലനിര്‍ത്തി പി കെ കുഞ്ഞാലികുട്ടി. 38057 വോട്ടുകള്‍ക്കാണ് അദ്ദേഹം എതിര്‍സ്ഥാനാര്‍ത്ഥിയായ സി പി എമ്മിന്റെ പി പി ബഷീറിനെ പരാജയപ്പെടുത്തിയത്. വണ്ടൂരില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാര്‍ 23864 വോട്ടുകള്‍ക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ നിഷാന്തിനെ പരാജയപ്പെടുത്തി.
 
പീരുമേട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ എസ് ബിജിമോള്‍ ജയിച്ചു. ശക്തമായ പോരാട്ടത്തിനൊടുവില്‍ യു ഡി എഫ് സ്ഥാനാര്‍ഥി സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ്  ബിജിമോള്‍ ജയിച്ചത്. അതേസമയം, കാട്ടാക്കടയില്‍ സ്‌പീക്കര്‍ എന്‍ ശക്തന്‍ തോറ്റു. എല്‍ഡിഎഫിലെ ഐബി സതീഷാണ് അട്ടിമറി വിജയം കരസ്ഥമാക്കിയത്.
 
അതേസമയം, റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മട്ടന്നൂരില്‍ ഇ പി ജയരാജന്‍ വിജയിച്ചു. നാല്‍പ്പത്തിമൂവായിരത്തിലേറെ വോട്ടുകള്‍ക്കാണ് സിറ്റിങ്ങ് സീറ്റ് ജയരാജന്‍ നിലനിര്‍ത്തിയത്. തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബി ജെ പി അവസാന ഘട്ടത്തില്‍ പിന്നിലോട്ട് പോകുന്ന കാഴ്ചയാണ് കാസര്‍കോട് മണ്ഡലത്തില്‍ കണ്ടത്. എണ്ണായിരം വോട്ടുകള്‍ക്കാണ് എന്‍ എ നെല്ലിക്കുന്ന് കാസകോട് ജയിച്ചു കയറിയത്.
Next Article