പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ കോളേജ് ചെയര്‍മാന്‍ പികെ കൃഷ്ണദാസ് മുൻകൂർ ജാമ്യം നേടിയത് കോടതിയെ കബളിപ്പിച്ചെന്ന് റിപ്പോർട്ട്. കളക്ടറുടെ യോഗത്തിൽ പങ്കെടുക്കാൻ ജാമ്യാം വേണമെന്നായിരുന്നു കൃഷ്ണദാസ് ഉന്നയിച്ച ആവശ്യം.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചെയര്‍മാന്‍ പികെ കൃഷ്ണദാസ് ഒന്നാം പ്രതിയാണ്. പികെ കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ ഒളിവിലാണ്. നിലവില്‍ അഞ്ചു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞതോടെ കൃഷ്ണദാസിന്റെയും മറ്റു പ്രതികളുടെയും അറസ്റ്റ് വൈകുമെന്ന് തീര്‍ച്ചയാണ്.
അതേസമയം, നെഹ്റു കോളേജിലെ സി സി ടി വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഹാര്‍ഡ് ഡിസ്‌ക് പോലീസ് ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. ജിഷ്ണു മരിച്ച ദിവസവും അതിനുശേഷമുള്ള ദിവസത്തേയും ദൃശ്യങ്ങൾ കാണാതായതിനെ തുടർന്നാണിത്.
ഇന്നലെ വൈസ് പിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തി. കോളേജിലെ ശുചിമുറി, ഇടിമുറി, കോളജ് പിആർഒ കെ.വി സഞ്ജിത്തിന്‍റെ മുറി, ജിഷ്ണു മരിച്ചുകിടന്ന ഹോസ്റ്റൽ മുറി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. പൊലീസ് കണ്ടെത്തിയ രക്തക്കറ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മരിച്ച ജിഷ്ണുവിന്‍റെ രക്തമാണോ ഇത് എന്ന് ഉറപ്പിക്കുന്നതിനാണ് ഈ പരിശോധന.