പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം രാഷ്ട്രീയ വിവാദങ്ങളിലേക്ക്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സംഭവമായി മാറിയിരിക്കുകയാണ് ജിഷയുടെ കൊലപാതകം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ എത്തിയ രമേശ് ചെന്നിത്തലയെ ചില ഇടത് യുവജനസംഘടനകള്‍ തടഞ്ഞതോടെ സംഭവത്തിന് രാഷ്ട്രീയമാനം കൈവരുകയായിരുന്നു.
പെരുമ്പാവൂരില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെയും പ്രതിഷേധം ശക്തമായി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും ഏറെ സമയത്തിന് ശേഷമാണ് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ സാധിച്ചത്.
കേസന്വേഷണം തൃപ്തികരമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പറഞ്ഞു. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ഉന്നയിച്ചത്. കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘം വേണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കഴിവുകേടാണ് ഇത്തരം സംഭവിക്കാന്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് വി എസ് പറഞ്ഞു. മുഖ്യമന്ത്രിയുടേയും പൊലീസിന്റെയും ന്യായവാദം ശരിയല്ല. മുഖ്യമന്ത്രിയുടെ പൊലീസ് പറയുന്നത് സംഭവവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്നും വി എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.