പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർത്ഥിനി ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കണ്ണൂരില്‍ പിടിയിലായി. ജിഷയുടെ സുഹൃത്തും അയല്‍വാസിയുമായ ആളാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. പെരുമ്പാവൂര്‍ പൊലീസിന് കൈമാറിയ ഇയാളെ ഉടന്‍തന്നെ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമായിരിക്കും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
ആദ്യത്തെ മൂന്ന് ദിവസം ജിഷയുടെ അയല്‍വാസികള്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. എന്നാല്‍ മാധ്യമങ്ങളിലടക്കം വിഷയം വ്യാപക ചര്‍ച്ച ആയതോടെയാണ് അന്വേഷണത്തോട് സഹകരിക്കാന്‍ അയല്‍വാസികള്‍ തയ്യാറായത്.
മതില് ചാടി ഒരാള്‍ ഓടിപ്പോകുന്നത് കണ്ടു എന്ന സമീപവാസിയുടെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്. ഇയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. ഈ ചിത്രം അയല്‍വാസി തിരിച്ചറിഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയിലായതെന്നാണ് വിവരം.
പ്രദേശത്ത് പൊലീസ് സ്ഥാപിച്ചിരുന്ന സി സി ടിവി ക്യാമറയില്‍ നിന്നും പുറത്ത് നിന്നുള്ള ആരുടേയും ഇടപെടല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് കൊലപാതകത്തിന് പിന്നില്‍ ജിഷയുമായി അടുത്ത് ബന്ധമുള്ളയാളാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിഷയുടെ സുഹൃത്തുക്കളായ രണ്ട്പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജിഷയുടെ വീട് ഉള്‍പ്പെടുന്ന ടവര്‍ ലൊക്കേഷനില്‍ ഇവര്‍ വന്നിരുന്നു എന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്ന് വ്യക്തമായതായാണ് റിപ്പോര്‍ട്ട്.