കേരളത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ ചികിത്സ ; ഞെട്ടിക്കുന്ന വിവരം പുറത്ത് !

Webdunia
ശനി, 10 ജൂണ്‍ 2017 (14:22 IST)
കേരളത്തില്‍ മരണശേഷവും മൃതദേഹത്തില്‍ ചികിത്സ നടത്തുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ഫോറന്‍സിക് സര്‍ജന്മാരാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. മൃതദേഹത്തില്‍ മരുന്ന്  പ്രയോഗം നടത്തുന്നത് കേരളത്തിലെ ആശുപത്രികളില്‍ വര്‍ധിച്ച് വരികയാണ്. മരണം സംഭവിച്ച്  രണ്ടും മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷവും മൃതദേഹത്തില്‍ സൂചിപ്പാടുകള്‍ കണ്ടെത്തിയതായാണ് വിവരം പുറത്തറിയാന്‍ കാരണമായത്. 
 
ഫോറന്‍സിക് സര്‍ജന്മാര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം രേഖപ്പെടുത്തി തുടങ്ങിയതോടെയാണ് വിവരം പുറത്തറിയുന്നത്. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വകുപ്പ് ആര്‍ഡിഓയ്ക്കും പൊലീസിനും ഇവര്‍ റിപ്പോര്‍ട്ട് നല്‍കി. അസ്വാഭാവിക മരണം സംഭവിച്ച് ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളിലാണ് മിക്കപ്പോഴും ഈ അനാവശ്യ ചികിത്സ നടക്കുന്നത്. 
 
മരണശേഷം ആശുപത്രിയിലെത്തിച്ചു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കേസുകളില്‍ മിക്കതിലും ആശുപത്രിയിലെത്തിയ ശേഷം സംഭവിച്ച മുറിപ്പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വിഷയം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തീരുമാനിക്കുന്നത്. ദേഹത്തില്‍ ഇത്തരത്തിലുണ്ടാവുന്ന മുറിവുകളും മരുന്ന് പ്രയോഗങ്ങളും തുടര്‍നടപടികള്‍ ആവശ്യമായ കേസുകളുടെ വഴിമുടക്കുന്നത് കൂടിയാണ്. മരണത്തിന്റെ യാഥാര്‍ത്ഥ കാരണം വെളിപ്പെടുന്നതിന് ഇത് തടസ്സമാകാന്‍ സാധ്യതയുണ്ട്.
Next Article