കനത്ത മഴയില്‍ അയ്യപ്പഭക്തര്‍ വലഞ്ഞു

തിങ്കള്‍, 22 നവം‌ബര്‍ 2010 (12:28 IST)
ഞായറാഴ്ച്ച പെയ്ത കനത്ത മഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ വലഞ്ഞു. ഗതാഗതം തടസപ്പെട്ടതിനെത്തുടര്‍ന്ന് പമ്പ റോഡില്‍ തീര്‍ഥാടകരെ വഴിതിരിച്ചു വിട്ടു. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളവും പേട്ടതുള്ളല്‍ കേന്ദ്രവുമായ എരുമേലി മഴയെത്തുടര്‍ന്ന് പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു.

കനത്ത മഴയില്‍ എരുമേലി വലിയമ്പലത്തിന്‍റെ നടപ്പന്തലും പരിസരവും മുങ്ങി. ഇതോടെ കാഞ്ഞിരപ്പള്ളിയില്‍ നിന്നും റാന്നിയില്‍ നിന്നും എരുമേലിയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടു. ഇതു വഴി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ എരുമേലിയില്‍ കുടുങ്ങി.

മണ്ണാറക്കുളഞ്ഞി - നരിക്കുഴി റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് വഴിതിരിച്ചു വിട്ടത്. മുക്കട-ഇടമണ്‍ വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടത്. എരുമേലി - റാന്നി റോഡില്‍ കരിമ്പന്‍തോട്ടിലും വെള്ളം കയറിയിരുന്നു.

കെഎസ്ആര്‍ടിസി, സ്വകാര്യബസ് സ്റ്റാന്‍ഡുകളും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരുന്നു. വാവര്‍ സ്റ്റേഡിയവും വെള്ളം മൂടി. നഗരത്തിലെ ട്രാന്‍സ്ഫോര്‍മറിനു ചുറ്റും വെള്ളം ഉയര്‍ന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

വെബ്ദുനിയ വായിക്കുക