നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തോക്ക് സ്വാമി എന്ന് അറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ. ഒന്നര കോടി രൂപയുടെ ക്വട്ടേഷനൊന്നും എടുക്കാനുള്ള കെല്‍പ്പൊന്നും പള്‍സര്‍ സുനിക്ക് ഇല്ലെന്നാണ് മംഗളം ടിവിയുടെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സ്വാമി പറഞ്ഞത്. ഒരു വീട് വയ്ക്കാന്‍ കോണ്‍ട്രാക്ട് എടുത്ത ബംഗാളികള്‍ ചെയ്യുന്നതുപോലെയുളള പണി മാത്രമാണ് പള്‍സര്‍ സുനി ചെയ്തത് എന്നും സ്വാമി പറയുന്നു. എന്നാല്‍ ആരാണ് അതിന്റെ 'എന്‍ജിനീയറിങ്' വര്‍ക്ക് നടത്തിയത് എന്ന കാര്യം പൊലീസ് അന്വേഷിച്ചില്ലെന്നും സ്വാമി ആരോപിക്കുന്നു.
ഈ സംഭവം നടക്കുന്നതിന്റെ തലേ ദിവസം പള്‍സര്‍ സുനിയുടെ ഗാങ് കാക്കനാടുള്ള ഒരു ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. അവിടെ വച്ചായിരുന്നു അവര്‍ ഗൂഢാലോചന നടത്തിയത്. സുഹൃത്തുക്കളുടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതകളെല്ലാം താന്‍ തീര്‍ത്തോളാം എന്ന വാഗ്ദാനം പള്‍സര്‍ സുനി നല്‍കിയെന്നും തോക്കു സ്വാമി പറയുന്നു.
തനിക്ക് ഒരു ഡിക്ടക്ടീവ് മീഡിയ ഉണ്ടെന്നും അതുകൊണ്ടുതന്നെ തന്റെ ചിന്തകള്‍ എപ്പോഴും അത്തരത്തില്‍ മാത്രമേ പോകൂ എന്നും സ്വാമി പറഞ്ഞു. ഇവിടത്തെ അന്വേഷണ സംഘങ്ങളെ പോലെ തന്നെ എല്ലാ വിവരങ്ങളും തനിക്ക് ലഭ്യമാകുന്നുണ്ടെന്നും സ്വാമി പറയുന്നുണ്ട്.
ദിലീപ് ഇങ്ങനെയൊക്കെ ചെയ്യിക്കുമോ എന്ന കാര്യം തനിക്കറിയില്ല. എങ്ങനെയായാലും വളരെ പെര്‍വെര്‍ട്ട് ആയിട്ടുള്ള മനസ്സിന് ഉടമയായിട്ടുള്ളവര്‍ക്ക് മാത്രമേ ഇങ്ങനെയുള്ള ഒരു ക്രൈം ചെയ്യാന്‍ പറ്റൂ. താനും പള്‍സര്‍ സുനിയും ഒരുമിച്ച് കാക്കനാട് ജയിലില്‍ ഉണ്ടായിരുന്നുവെന്നും സ്വാമി പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനിയെ കൂടാതെ മറ്റൊരു സൂത്രധാരന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. ആ വ്യക്തിയെ കുറിച്ച് ചില സൂചനകളും സ്വാമി നല്‍കി.
കൊച്ചിയില്‍ സിനിമയുമായി ബന്ധപ്പെട്ട്, മയക്കുമരുന്ന് മാഫിയയുമായി ബന്ധമുളള ഡല്‍ഹി കേന്ദ്രീകരിച്ചുള്ള, വലിയ സ്വാധീനമുള്ള ഒരു വ്യക്തിയാണ് ഇതിന് പിന്നിലെന്നും ഹിമവല്‍ ഭദ്രാനന്ദ വെളിപ്പെടുത്തി. എന്നാല്‍ ഭയം കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താത്തതെന്ന് ഹിമവല്‍ ഭദ്രാനന്ദ പറയുന്നും. സിനിമയുമായി ബന്ധപ്പെട്ട ചില മയക്കുമരുന്ന് വിഷയങ്ങള്‍ പൊലീസിനെ അറിയിച്ചപ്പോഴാണ് മതസ്പര്‍ദ്ധയുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന് പറഞ്ഞ് തന്നെ ജയിലില്‍ അടച്ചത് എന്നും സ്വാമി പറഞ്ഞു.