എനിക്കൊരു പേടിയുമില്ല, അല്ലെങ്കിലും ഭയക്കുന്നതെന്തിനാ? ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ? - ഉമ്മന്‍ചാണ്ടി ചോദിക്കുന്നു

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (07:41 IST)
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. സോളാര്‍ കേസില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാ‍ല്‍ പേടിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തനിക്ക് ഉറച്ച ആത്മവിശ്വാസമാണുള്ളതെന്നും തെറ്റ് ചെയ്യാത്തത് കൊണ്ട് തന്നെ ഭയമില്ലെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
 
തന്റെ ഓഫീസ് തുറന്ന പുസ്തകമായിരുന്നുവെന്നും യു ഡി എഫിന് ഒന്നും മറച്ച് വയ്ക്കാനില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകിട്ടോടെയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. 
 
റിപ്പോര്‍ട്ടില്‍ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനു വീഴ്ച പറ്റിയതായി വിമര്‍ശനം. കേസിലെ പ്രധാന പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തിയെന്നാണ് ഉയരുന്ന വിമര്‍ശനം. അതേസമയം, സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സോളാര്‍ ഇടപാടുകള്‍ ഖജനാവിനെ ബാധിച്ചിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയതായി സൂചനകള്‍ ഉണ്ട്.
 
നാലു വര്‍ഷത്തെ അന്വേഷണമാണ് പൂര്‍ത്തിയായത്. ഈ മാസം 27നു കമ്മീഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലാവധി നീട്ടികിട്ടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. 
 
2013 ആഗ്‌സ്ത് 16നാണു സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി 15 മണിക്കൂര്‍ അന്വേഷണ കമ്മീഷനു മുന്‍പാകെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയിരുന്നു.
 
Next Article