ഇനി കൈകഴുകാന്‍ പറ്റില്ല, ടോയ്‌ലറ്റില്‍ പോകുന്നതിനെപ്പറ്റി ആലോചിക്കുകയേ വേണ്ട; ഹോട്ടലുകളില്‍ വെള്ളത്തിന് പകരം ടിഷ്യൂ പേപ്പര്‍ - ജനം വലയും

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (17:18 IST)
ഹോട്ടലുകളില്‍ വെള്ളത്തിന് പകരം ടിഷ്യൂ പേപ്പര്‍ നല്‍കാന്‍ ആലോചന. കോഴിക്കോട്ടെ ഹോട്ടലുകളിലാണ് വെള്ളത്തിന് പകരം ടിഷ്യൂ പേപ്പര്‍ നല്‍കാന്‍ ആലോചിക്കുന്നത്. ആഹാരം കഴിച്ചുകഴിഞ്ഞ് കൈകള്‍ ശുചിയാക്കാനാണ് വെള്ളത്തിന് പകരം ടിഷ്യൂ പേപ്പറുകള്‍ നല്‍കുന്നത്. 
 
എന്നാല്‍ ഇത് ജനങ്ങളെ വളരെയേറെ ബുദ്ധിമുട്ടിലാക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അഭിപ്രായം. ജനങ്ങളെ വലയ്ക്കുന്ന ഇത്തരം തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും ഏകോപന സമിതി അധ്യക്ഷന്‍ ടി നസറുദ്ദീന്‍ വ്യക്തമാക്കി. 
 
കടുത്ത വരള്‍ച്ചയെ നേരിടാന്‍ പലവഴികള്‍ തേടുന്നതിനിടെയാണ് ഹോട്ടലുകളില്‍ വെള്ളത്തിന് പകരം ടിഷ്യൂ പേപ്പര്‍ നല്‍കാമെന്ന തീരുമാനത്തില്‍ ഹോട്ടലുടമകള്‍ എത്തിയത്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കൈകഴുകാനും ടോയ്‌ലറ്റില്‍ പോകാനും ഒരു ദിവസം 10000 ലിറ്ററിലേറെ വെള്ളം ആവശ്യമാണ്. ആഹാരം പാകം ചെയ്യാനും കുടിവെള്ളത്തിനുമായി ഇതിലുമേറെ വെള്ളം വേണ്ടിവരുന്നു. കൂടുതല്‍ പണം നല്‍കി വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് തങ്ങളെന്നും ഹോട്ടലുടമകള്‍ പറയുന്നു.
 
വിദേശരാജ്യങ്ങളിലേതുപോലെ ബാത്‌റൂം ഉപയോഗിക്കുമ്പോഴും ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കേണ്ടിവരുമോ എന്ന ഭീതിയിലാണ് ജനം.
Next Article