ആലപ്പുഴ ജില്ലയിലെ ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ അവശേഷിക്കുന്നത് 29 പേര്. ആലപ്പുഴ മണ്ഡലത്തില്‍ ഒരാളുടെയും മാവേലിക്കരയില്‍ രണ്ടുപേരുടെയും നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. വരണാധികാരിയായ ജില്ലാ കളക്ടര്‍ എന്‍.പത്മകുമാറിന്റെ നേതൃത്വത്തിലാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടന്നത്.
ആലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ച അഡ്വ.ആര്. പ്രശാന്തിന്റെ സത്യവാങ്മൂലത്തിലെ ന്യൂനതകള്‍ മൂലമാണ് പത്രിക തള്ളിയത്. നാമനിര്‍ദേശപത്രിക സമര്പ്പിച്ചയാള്ക്കെതിരേ റവന്യൂ റിക്കവറി നടപടിയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ആലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്രനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച പി.സി. വേണുഗോപാലിന്റെ പത്രിക സാധുവാണോയെന്ന് ഇന്ന് വൈകിട്ടോടെ. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ പി.സി. വേണുഗോപാലിന് ഇന്ന് ഒരുമണി വരെ സമയം അനുവദിച്ചു.
ബിഎസ്പി സ്ഥാനാര്‍ഥിയുടെ ഡമ്മിയായി പത്രിക സമര്‍പ്പിച്ച തങ്കപ്പന്, സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയുടെ ഡമ്മിയായി പത്രിക സമര്‍പ്പിച്ച ആര്.നാസര്‍ എന്നിവരുടെ പത്രിക നിയമപ്രകാരം അസാധുവാക്കി.
മാവേലിക്കര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍ പത്രിക സമര്‍പ്പിച്ച ശിവപ്രസാദ് സത്യവാങ്മൂലത്തില്‍ ഒപ്പിടാതിരുന്നതിനാല്‍ പത്രിക തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍ പത്രിക സമര്‍പ്പിച്ച കെ.ആര്.രാജീവന്റെ പത്രികയും സത്യവാങ്മൂലത്തിലെ ന്യൂനതകളാല്‍ വരണാധികാരി തള്ളി.