ആറു വർഷം പ്രണയിച്ചു, ഒടുവിൽ പീഡനം; അവസാനം അവൻ പറഞ്ഞു ' ഇനി എന്നെ ശല്യം ചെയ്യരുത്' - അധ്യാപികയുടെ ആത്മഹത്യക്ക് പിന്നാലെ നാടുവിട്ട കാമുകൻ അറസ്റ്റിൽ
ഞായര്‍, 5 നവംബര്‍ 2017 (12:52 IST)
തഴുതല നാഷണല്‍ പബ്ലിക് സ്കൂളിലെ അധ്യാപികയായിരുന്ന കാവ്യ ലാലിന്റെ ആത്മഹത്യയെ തുടര്‍ന്ന് നാടുവിട്ട കാമുകൻ അറസ്റ്റിൽ. മയ്യിനാട് കൂട്ടിക്കാട തൃക്കാർത്തികയിൽ അബിൻ പ്രദീപിനെയാണ്(24) പൊലീസ് പിടികൂടിയത്. യുവതിയുടെ ആത്മഹത്യയെ തുടർന്ന് ഒളിവിലായിരുന്നു അബിൻ.
കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയിലെ കാവ്യ ആഗസ്ത് 24നാണ് ആത്മഹത്യ ചെയ്യുന്നത്. മകളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ കാമുകന്‍ ആണെന്ന് കാവ്യയുടെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു. വിവാഹ വാഗ്ദാനം നടത്തിയശേഷം മകളെ പീഡിപ്പിച്ച ചെറുപ്പക്കാരനു നേരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാവ്യയുടെ അമ്മ ജീന മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ആഗസ്ത് 24നു സ്കൂളിലേക്ക് പോയ മകളുടെ ചേതനയറ്റ ശരീരം കണ്ട് കരയാന്‍ പോലും കഴിയാതെ തനിച്ചാവുകയായിരുന്നു അമ്മ ജീന. പൊഴിക്കര മാമൂട്ടിൽ പാലത്തിനടുത്ത റെയിൽവേട്രാക്കിലാണ് ഛിന്നഭിന്നമായ നിലയിൽ കാവ്യയുടെ മൃതദേഹം കണ്ടെത്തിയത്.
ആറു വര്‍ഷമായി കാവ്യയും അബിനും പ്രണയത്തിലായിരുന്നു. കാവ്യയുടെ അമ്മ ജീന തന്നെ ഇക്കാര്യം പൊലീസിനോട് വ്യക്തമക്കിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നടത്തിയ അബിന്‍ പിന്നീട് കാവ്യ ഒഴിവാക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് കാവ്യ ആത്മഹത്യ ചെയ്തത്.
കാവ്യയും അബിനും തമ്മിലുള്ള ബന്ധം കാവ്യയുടെ അമ്മ ജീനയ്ക്ക് അറിയാമായിരുന്നു. അബിൻ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണ് ജനിച്ചു വളർന്നത്. തങ്ങളുടെ കുടുംബം പണക്കാരല്ല, അവൻ ഒറ്റമകനായതു കൊണ്ട് ഭീമമായ തുകയാണ് അവർ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നും കാവ്യയുടെ അമ്മ ജീന വെളിപ്പെടുത്തിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
101 പവനും ഒരു കാറും 10 ലക്ഷം രൂപയുമാണ് അബിന്റെ വീട്ടുകാർ സ്ത്രീധനമായി ആവശ്യപ്പെട്ടത്. അവര്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ ആകില്ലെന്ന് പറഞ്ഞതോടെയാണ് അബിന്‍ കാവ്യയെ ഒഴിവാക്കാന്‍ ശ്രമിച്ചത്. ജൂലായ് 15 വരെ അബിന്‍ കാവ്യയുമായി കോണ്‍ടാക്ട് ഉണ്ടായിരുന്നതായി അമ്മ പറയുന്നു. എന്നാല്‍, ഇതിനുശേഷം ഒരു തരത്തിലും അബിന്‍ കാവ്യയെ കാണാനോ സംസാരിക്കാനോ തയ്യാറായില്ല.
തുടര്‍ന്ന്, കാവ്യ അബിൻ പഠിക്കുന്ന കൊട്ടിയം എസ്എൻ ഐടിഐയിൽ എത്തിയെങ്കിലും ബന്ധം തുടരാൻ താത്പര്യമില്ലെന്ന് അബിന്‍ പറയുകയായിരുന്നു. ഇനിതന്നെ ശല്യം ചെയ്യരുതെന്ന് പറഞ്ഞാണ് അബിൻ കാവ്യയെ അവിടെ നിന്നും തിരിച്ചയച്ചത്. എന്നാല്‍, അബിനെ കാണാന്‍ കാവ്യ അവന്റെ വീട്ടിലെത്തിയെങ്കിലും കാവ്യ മര്‍ദ്ദിച്ചാണ് പുറത്താക്കിയത്. ഈ സംഭവം നാട്ടുകാർ കണ്ടിട്ടുണ്ടെന്നാണ് കാവ്യയുടെ ബന്ധുക്കൾ പറയുന്നത്.
ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ തന്റെ മകളെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞുവെന്നാണ് ജീന മാതൃഭൂമിയോട് പറഞ്ഞത്. കാവ്യ അവസാനമായി അബിന് അയച്ച മൊബൈൽ സന്ദേശങ്ങളും അമ്മ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ആഗസ്റ്റ് 20നു അയച്ച മൂന്നു സന്ദേശങ്ങളാണ് പരാതിക്കൊപ്പം നൽകിയിട്ടുള്ളത്.
'അബിയേട്ടാ, എനിക്ക് ഇയാളില്ലാതെ ജീവിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ സ്വഭാവം മാറ്റി. ഇനി ദേഷ്യപ്പെടില്ല. ഒരിക്കലും അബിയേട്ടാ. എനിക്ക് ഇഷ്ടക്കൂടുതലേയുള്ളു. പ്ലീസ് നമുക്ക് പഴയ പോലെ ആകാം. ഒന്ന് വിളിക്ക്'. ഇതായിരുന്നു കാവ്യ അയച്ച ഒരു സന്ദേശം. കാവ്യ അയച്ച മറ്റൊരു സന്ദേശം:- 'അബിയേട്ടാ ഒന്ന് വിളിക്ക്, ഞാന്‍ മരിച്ചുപോകും അബിയേട്ടാ. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇഷ്ടമല്ലെന്ന് പറയുന്നത് അബിയേട്ടന്‍ അത് സോള്‍വ് ചെയ്യുന്നത് കേള്‍ക്കാന്‍ വേണ്ടി ആയിരുന്നു. ഇനി പറയില്ല ,പ്ലീസ്.'
'ആവശ്യങ്ങള്‍ കഴിഞ്ഞപ്പോ ഒരു റീസണ്‍ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? അല്ലെങ്കില്‍ ഇയാള്‍ ഇങ്ങനെ കാണിക്കില്ല. മെസഞ്ചറില്‍ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാർട്സ് എല്ലാം കിടപ്പുണ്ട്. അഥവാ ഞാന്‍ മരിച്ചാല്‍ എന്നെ വീട്ടില്‍ക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാന്‍ എഴുതിക്കൊടുത്തിട്ടേ പോകൂ. റിട്ടേണ്‍ കംപ്ലയിന്റ് കൊടുക്കാന്‍ പറഞ്ഞു ഞാന്‍ തിരക്കിയപ്പോള്‍, എല്ലാരും അറിയട്ടേ ചെയ്തിട്ടുള്ളതൊക്കെ'. ഇതായിരുന്നു മൂന്നാമത്തെ സന്ദേശം. അബിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചതും ഈ സന്ദേശങ്ങൾ തന്നെ.