നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാതെ സർവകക്ഷി യോഗത്തിനില്ല, സമരം ശക്തമാക്കും; എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ സമരസമതി യോഗം ഇന്ന്

ശനി, 4 നവം‌ബര്‍ 2017 (08:19 IST)
കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമിതി യോഗം ഇന്ന് ചേരും. സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തിലാണ് സമരസമിതി ഇന്ന് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. സ്ഥലം എംപി എം ഐ ഷാനവാസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക.
 
ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാതെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ല എന്ന നിലപാടിലാണ് സമരസമിതി. സമരം കൂടുതല്‍ ശക്തമാക്കാനും സാധ്യതയുണ്ട്. തിങ്കളാഴ്ച സംസ്ഥാന സർക്കാരുമായി നടക്കുന്ന  ചർച്ചയിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ തീരുമാനിക്കുമെന്നാണ് സൂചന.
 
നാട്ടുകാരുടേയും സമരക്കാരുടേയും പ്രതിഷേധം വകവെയ്ക്കാതെ ഗെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. സമരസമിതിയുമായും ജനങ്ങളുമായും സമവായത്തിനെത്താനുള്ള ശ്രമങ്ങൾക്കൊടുവിലാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. പൊലീസിനെ മുന്‍നിര്‍ത്തി ഗെയില്‍ അധികൃതര്‍ക്ക് സംരക്ഷണമൊരുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. 
 
പൈപ്പിടൽ ജോലികൾ നിർത്തിവെക്കാതെ ചർച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി. നിര്‍മാണ പ്രവര്‍ത്തികൾ നിർത്തി വെച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സമരസമിതി വ്യക്തമാക്കുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍