ആദിവാസി ഊരുകളില്‍ വ്യാജമദ്യം സുലഭം; കര്‍ശനമായി തടയുമെന്ന് കെ ബാബു

Webdunia
ശനി, 11 ഏപ്രില്‍ 2015 (11:30 IST)
അമ്പലവയലിലെ ആദിവാസി ഊരുകളില്‍ വ്യാജമദ്യം സുലഭമെന്ന് റിപ്പോര്‍ട്ട്. പ്രായപുര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ വിവാഹവാഗ്‌ദാനം നല്കിയും മദ്യം നല്കിയും ലൈംഗികമായി പീഡിപ്പിക്കുന്നെന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്തയും പൊതുജനമധ്യത്തില്‍ എത്തിച്ചിരിക്കുന്നത്. വ്യാജമദ്യം നല്കി കുട്ടികളെ മയക്കുകയും പിന്നീട് ഇവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമാണ് ചെയ്യുന്നത്. 
 
ആദിവാസികളെ മദ്യത്തില്‍ കുരുക്കിയിടാന്‍ വന്‍ മാഫിയ തന്നെയുണ്ടെന്നും മദ്യത്തില്‍ മയങ്ങുന്ന ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, അമ്പലവയലില്‍ വ്യാജമദ്യം കര്‍ശനമായി തടയുമെന്ന് എക്സൈസ് മന്ത്രി കെ ബാബു പറഞ്ഞു. അമ്പലവയലില്‍ പരിശോധന നടത്താന്‍ എക്സൈസ് വകുപ്പിന് മന്ത്രി ആഹ്വാനം നല്കുകയും ചെയ്തു.
 
ഇതിനിടെ, അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിനെത്തുടര്‍ന്ന് വയനാട് അമ്പലവയലില്‍ കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത മുഴുവന്‍ കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൗണ്‍സിലിംഗ് നടത്തി. പൊലീസ് ചോദ്യം ചെയ്യലില്‍ കുട്ടികള്‍ ഒന്നും പറയാത്ത സാഹചര്യത്തില്‍ കുട്ടികളുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി കുറ്റക്കാരെ കണ്ടെത്താനാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ശ്രമം.