അമ്മയെ മാറ്റി നിര്‍ത്തി എനിക്കൊരു കല്യാണം വേണ്ട, എന്റെ അമ്മ എനിക്ക് ജീവനാണ് - വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (11:12 IST)
വിവാഹം എന്നത് അതിന്റെ സമയത്ത് വരുമെന്ന് പഴയകാലത്ത് ഉള്ളവര്‍ പറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നതും ഒരു കല്യാണക്കാര്യം തന്നെ. കോഴിക്കോട് ഏലത്തൂരുള്ള സുബീഷ് എന്ന വ്യക്തിയുടെ വിവാഹക്കാര്യമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുന്നത്.
 
സുബീഷിന്റെ വാക്കുകളിലൂടെ:
 
ഇതു വായിക്കാതെ പോവരുതെ... കുറച്ചു ദു:ഖത്തോടെയും അതിലുപരി അഭിമാനത്തോടെയും ആണ് ഞാന്‍ ഈ എഴുതുന്നത്.
 
എന്റെ പേര് സുബീഷ്. കോഴിക്കോട് എലത്തൂര്‍ എന്ന സ്ഥലത്ത് താമസിക്കുന്നു. കുവൈറ്റിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇത് ഞാനും അമ്മയും വെക്കേഷന്‍ കഴിഞ്ഞു പോവുന്ന ദിവസം ചുമ്മാതെ ഒന്ന് എടുത്ത സെൽഫി ആണ് (ഫോട്ടോ എഡിറ്റിങ്ങ് ആണ് കാരണം രണ്ട് പേരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കൊണ്ട്) ഇനി എന്റെ കുടുംബത്തെ കുറിച്ചു, അച്ഛന്‍ 3 വർഷം മുമ്പ് ക്യാന്‍സര്‍ ബാധിച്ചു മരിച്ചു. പിന്നെ ഉള്ളത് 2 മൂത്ത ഏട്ടന്‍മാരും അവരുടെ ഭാര്യമാരും. രണ്ട് പേർക്കും ഈരണ്ട് മക്കളും അടങ്ങിയതാണ് എന്റെ കുടുംബം.
 
ഇനി എന്റെ അമ്മയെ കുറിച്ചു പറയാം..... 16 വർഷം മുമ്പ് അമ്മയുടെ വലതു കാലിന് ബാധിച്ച ഒരു രോഗമായിരുന്നു ''മന്ത് ''എന്നത് ഒരുപാട് ചികില്‍സിച്ചു. ഇപ്പോഴും ചികിൽസിക്കുന്നു. പക്ഷേ ഒരു മാറ്റവും ഇല്ല. ഡോക്ടർമാർ പറയുന്നത് ഈ രോഗം മാറത്തില്ലാ എന്നാണ്. രോഗം ഇതാണെന്ന് അറിഞ്ഞിട്ടും ഒരു മകള്‍ ഇല്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം അമ്മയെ പോലെ ആണ് എല്ലാ കാര്യങ്ങളും ഏട്ടത്തിമാർ നോക്കുന്നത്.
 
ഇനി ഞാൻ എന്നെ പറ്റി പറയാം. 31 വയസ്സായ അവിവാഹിതനായ ഞാന്‍ ഏഴാം (7) വർഷ പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നു. ഓരോ വെക്കേഷന്‍ വരുമ്പോഴും ഒരുപാട് പ്രതീക്ഷയോടെ പെണ്ണ് കാണല്‍ ചടങ്ങിനു പോവാറുണ്ട്. ഹിന്ദു ആചാര പ്രകാരമുള്ള ജാതകം ( നശിച്ചത്) നോക്കി ശരിയാവുന്ന ആലോചനകള്‍ എന്റെ വീട്ടുകാര്‍ പെണ്‍ വീട്ടുക്കാര്‍ക്ക് വിവരം കൊടുത്ത് അവരുടെ കുടുംബം ചെക്കന്‍ എങ്ങനയാ, കുടുംബം എങ്ങനയാ, എന്നൊക്കെ അറിയാന്‍ വേണ്ടി അന്വേഷണത്തിന് വരുക എന്നത് പതിവാണ്. അങ്ങനെ ഞങ്ങളുടെ നാട്ടില്‍ വരുക ആണെങ്കിൽ നാട്ടില്‍ ഉള്ള ചില കല്യാണ മുടക്കികള്‍ക്ക് ( നാറികൾക്ക് ) പറയുവാൻ ആകെ ഉള്ള ഒരു കാരണം ആണ് എന്റെ അമ്മയുടെ കാലിന്റെ ''മന്ത്'' എന്ന രോഗം. 
 
അങ്ങനെ കുറെ ആലോചനകൾ മുടങ്ങി. പെണ്ണ് കാണൽ എന്നത് ഒരു മടി ആയി മാറി. ഏകദേശം 110 പെണ്ണിനെ ഞാൻ പോയി കണ്ടിട്ടുണ്ടാവും (12 വർഷം മുമ്പ് എന്റെ ഏട്ടൻമാരുടെ കല്യാണം നടക്കുന്ന സമയത്ത് നാട്ടിലെ ചിലർ ഇതും പറഞ്ഞ് ചെന്നിരുന്നു. എന്നാൽ അവർക്ക് ഇതിന്റെ സത്യാവസ്ത അറിയാമായിരുന്നു )
 
ഇനി ഞാനെന്നു പറയട്ടെ വിവാഹം കഴിഞ്ഞില്ലാ, എന്നത് അല്ല എന്റെ ടെൻഷൻ കുടുംബക്കാരുടെ നിർബന്ധത്തിൽ പോയി കാണുന്ന ആലോചനകൾ (അമ്മയുടെ രോഗം കാരണം ആണ്) മുടങ്ങുന്നത് അമ്മക്ക് ഉണ്ടാകുന്ന സങ്കടം ആലോചിക്കുമ്പോൾ ആണ് എനിക്ക് ഒരു സമാധാനവും ഇല്ലാത്തത്. അമ്മയെ മാറ്റി നിർത്തി എനിക്കെരു കല്യാണം വേണ്ടതാനും. എല്ലാവരെ പോലെയും എന്റെ അമ്മ എനിക്ക് ജീവനാണ്. ഒരു രോഗം പിടിപ്പെട്ട് എന്ന് കരുതി മാറ്റി നിർത്താൻ മാത്രം ദുഷ്ടൻ അല്ല ഞാൻ. ഇതെല്ലാം അറിഞ്ഞു എന്റെ ജീവിതത്തിലേക്ക് വരുന്ന ഒരു പെണ്ണിനു വേണ്ടി ആണ് ഞാൻ കാത്തിരിക്കുന്നത്. മനുഷ്യത്വ മുള്ള ഏതെരു കുടുംബത്തിൽ നിന്നും അതിന് ജാതിയോ മതമോ പണമോ എന്ന വ്യത്യാസം ഇല്ലാതെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.
 
ഈ രോഗം എന്നത് ആർക്കും എപ്പോഴും വരാവുന്നതാണ് ഒരു രോഗി ആയാൽ ഉള്ള അവസ്ഥ ഈ കല്യാണ മുടക്കികൾക്ക് അറിയില്ലല്ലോ.
 
കല്യാണ മുടക്കികളെ നിങ്ങൾ നിങ്ങൾക്ക് കഴിയുന്നത് വരെ മുടക്ക്. എനിക്ക് ജീവൻ ഉള്ള കാലം വരെ എന്റെ അമ്മ കൂടെ തന്നെ ഉണ്ടാവും. എനിക്കൊരു പ്രാർത്ഥന ഉള്ളൂ ഇതു പോലെ രോഗം ആർക്കും വരാതിരിക്കട്ടെ.
 
Next Article