മലയാള സിനിമയിലെ വിലക്ക് വാര്‍ത്തകള്‍ നിറയുന്നതും അതിനെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ താരങ്ങള്‍ക്കിടയില്‍ വരുന്നതും നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വിലക്കുകളായിരുന്നു തിലകന്, വിനയന്, സുകുമാരന്‍ തുടങ്ങിയ താരങ്ങളുടെ. പണ്ടും വിലക്കിനെതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒറ്റപ്പെട്ട ശബ്ദമായി ഇവര്‍ മാറിയിരുന്നു.
ഇവര്‍ക്ക് ശേഷം സിമിനയില്‍ വിലക്ക് വന്നത് സുകുമാരന്റെ മകന് പൃഥ്വിരാജ് ആയിരുന്നു. എന്നാല്‍ തോറ്റ് പോകാന്‍ മനസില്ലാത്ത പൃഥ്വി വിലക്കിനെ അതിജീവിച്ച് താരമായി വളരുകയായിരുന്നു. പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു പൃഥ്വിയെ അമ്മ സംഘടന വിലക്കിയത്. എന്നാല്‍ അന്ന്
പൃഥ്വിയെ സഹായിക്കാന്‍ ആരും മുന്നോട്ട് വന്നിരുന്നില്ല.
ഇതിന് ശേഷം വിനയന് സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തില്‍ നായകനായി അഭിനയക്കാന് പൃഥ്വിരാജിനെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ സംഘടന വിലക്കിയ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് പൃഥ്വിരാജിന് നിര്‍ദ്ദേശം കിട്ടി. എന്നാല്‍ അത് മറികടന്ന് പൃഥ്വി ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു.
അന്നു പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളുടെ റിലീസ് ദിവസം കാശുകൊടുത്ത് ആളെക്കേറ്റി തിയറ്ററില്‍ കൂവാന്‍ ഒരു പ്രമുഖ താരം ക്വട്ടേഷന്‍ കൊടുത്തിരുന്ന കഥ അക്കാലത്ത് ഏറെ പ്രചാരം നേടിയിരുന്ന വാര്‍ത്തയായിരുന്നു. അതിന്റെ ആരോപണങ്ങളും ദിലീപിന് നേര്‍ക്കായിരുന്നു. സംഘടനയുടെ വിലക്കിന് പിന്നിലും ദിലീപിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.