പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതികള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. കൊലപാതകക്കെസില്‍ അറസ്‌റ്റിലായ പ്രതികള്‍ യൂത്ത് കോണ്‍ഗ്രസിന്റെ നിരവധി പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇവരുടെ കോണ്‍ഗ്രസ് ബന്ധം പുറത്തായത്.
ഗാന്ധിജയന്തി ദിനത്തില്‍ സേവാദിനത്തിലും യൂത്ത് കോണ്‍ഗ്രസുമായി ചേര്‍ന്ന് പരിപാടികളില്‍ പങ്ക് ചേരുന്നതിന്റെയും പ്രകടനങ്ങള്‍ നടത്തുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതികളെല്ലാം തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് മണക്കാട് സ്വദേശി ഷബീറിനെ (22) ആറ്റിങ്ങലിലെ വക്കത്ത് വെച്ച് അതിക്രൂരമായി തല്ലിക്കൊന്നത്.
ബൈക്കില്‍ പോകുകയായിരുന്ന ഷബീറിനെയും സുഹൃത്തിനെയും തടഞ്ഞു നിര്‍ത്തിയശേഷം വടികള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. ആറ്റിങ്ങളിലെ പാരലല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ബിരുദ വിദ്യാര്‍ഥിയാണ് ഷബീര്‍. ദൈവപ്പുര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഒരു ആനയെ ചില സാമൂഹ്യവിരുദ്ധര്‍ വാലില്‍ പിടിച്ച് വിരട്ടിയോടിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഷബീറിന്റെ കൊലപാതകം.