സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കൂടാതെ ഇന്ന് തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേര്‍ന്ന ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.