യു ഡി എഫ് സർക്കാർ നൽകി കൊണ്ടിരുന്ന ഈ പദ്ധതികൾ സർക്കാർ നിർത്തലാക്കുമെന്ന വാർത്ത വിവാദമായതോടെയാണ് നിലപാട് വ്യക്തമാക്കി ധനമന്ത്രി രംഗത്തെത്തിയത്. കാരുണ്യയടക്കം ഒരു ആരോഗ്യ സഹായ പദ്ധതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കില്ല. ആരോഗ്യ പദ്ധതികളില്‍ കുടിശികയാക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാര്‍ ഭരണമൊഴിയുമ്പോള്‍ 391 കോടി രൂപ കുടിശിക ഉണ്ടായിരുന്നു. ബജറ്റില്‍ പറഞ്ഞതിനപ്പുറം ക്ലെയിം കുടിശികയായി. പണമില്ലെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ കിട്ടുമെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ആരോഗ്യപദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതാണ് മറ്റ് പദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന രീതിയില്‍ വാര്‍ത്ത പടരാന്‍ ഇടയാക്കിയതെന്നും ധനമന്ത്രി വിശദീകരിച്ചു. പിണറായി സര്‍ക്കാര്‍ കാരുണ്യ അടക്കം ആരോഗ്യ പദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന വാര്‍ത്ത വന്നതോടെ കെ എം മാണി വിമർശനവുമായി രംഗത്തെത്തിയിരുന്നു. കണ്‍മുന്നില്‍വെച്ച് തന്റെ ചോരക്കുഞ്ഞിനെ കൊല്ലുമ്പോള്‍ ഒരമ്മയ്ക്ക് ഉണ്ടാകുന്ന ദുഖഭാരമാണ് തനിക്കുണ്ടാകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.