സ്ത്രീകളെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തരുത്, കർശന നിർദേശവുമായി ഡിജിപി

വെള്ളി, 10 ജനുവരി 2020 (09:28 IST)
പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പൊലീസ് സ്റ്റേഷനുകളീലേക്ക് വിളിച്ചുവരുത്തരുത് എന്ന ചട്ടം കർശനമായി പാലിക്കണം എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്ത്രീകൾ മൊഴി രേഖപ്പെടുത്തുന്നതിനായി സ്റ്റേഷനുകളിലേക്ക് വിളിച്ചു വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡിജിപി ഉത്തരവ് പുറത്തിറക്കിയത്. നിർദേശം ലംഘിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്നും ഉത്തരവിൽ പറയുന്നു.
 
ക്രിമിനൽ ചട്ടമനുസരിച്ച് പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ രാജ്യത്തെ എല്ലാ പൗരൻമാരും ബാധ്യസ്ഥരാണ്. എന്നാൽ ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പൊലീസ് ശ്രദ്ധ പുലർത്തണം. സ്ത്രീകളുടെ മൊഴി രേഖപ്പെടുത്തേണ്ടത് വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. ആവശ്യമെങ്കിൽ അവർക്ക് നിയമ സഹായവും, ആരോഗ്യ, വനിതാ സംഘടനകളുടെ സഹായങ്ങളും ലഭ്യമാക്കണം. 
 
മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകളുടെ മൊഴിയാണ് രേഖപ്പെടുത്തേണ്ടത് എങ്കിൽ വ്യഖ്യാതാവിന്റെയോ, ഡോക്ടറുടേയോ സാനിധ്യത്തിൽ മാത്രമേ മൊഴിയെടുക്കാവു. സ്ത്രീകളെ പൊലീസ് സ്റ്റേഷുനുകളിലേക്കോ മറ്റിടങ്ങളിലേക്കോ വിളിപ്പിക്കാൻ പാടില്ല. പരാതിക്കാരിയുടെ മൊഴി ഓഡിയോ ആയോ വീഡിയോ ആയോ രേഖപ്പെടുത്താം. എന്നാൽ മൊഴിയെടുത്തതിന് ശേഷം ഒപ്പിടാൻ സ്ത്രീകളോട് പൊലീസുകാർ ആവശ്യപ്പെടരുത്. എന്നിങ്ങനെയാണ് നിർദേശങ്ങൾ. ഉത്തരവ് എല്ലാ പൊലീസ് സ്റ്റേഷൻ മേധാവികൾക്കും കൈമാറിയിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍