തിരുവനന്തപുരത്തെ പ്രസിദ്ധമായ ടെക്നോപാര്‍ക്കിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ആണെന്ന വ്യാജേനയായിരുന്നു തട്ടിപ്പ് നടത്തിയത്. കുണ്ടറ ഇളമ്പള്ളൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ വിഷ്ണുപ്രിയ എന്ന 28 കാരിയാണ് അറസ്റ്റിലായത്.
ചടയമംഗലത്തിനടുത്തുള്ള ആയൂര്‍, അര്‍ക്കന്നൂര്‍ പ്രദേശങ്ങളിലെ 50 ഓളം പേരില്‍ നിന്ന് അര ലക്ഷം രൂപയോളം വീതമാണ് ഇവര്‍ തട്ടിയെടുത്തത്. ഇതിനു കൂട്ടുനിന്നത് ഓടനാവട്ടം സ്വദേശിയും ടെക്നോപാര്‍ക്കില്‍ സെക്യൂരി ജോലി ചെയ്യുന്ന സജീവുമാണ്.
സംഭവം കേസായപ്പോള്‍ ഇയാള്‍ മുങ്ങിയിരിക്കുകയാണ്. സജീവിന് മൂന്നര ലക്ഷം രൂപയോളം കൈമാറി എന്നാണ് വിഷ്ണുപ്രിയ പറയുന്നത്. എന്നാല്‍ ഇതുവരെ ആര്‍ക്കും തന്നെ ജോലി ലഭിച്ചില്ല. തുടര്‍ന്ന് അര്‍ക്കന്നൂരിലെ ഭുവനചന്ദ്രന്‍ പിള്ള നല്‍കിയ പരാതി അന്വേഷിച്ചപ്പോഴാണ് വിഷ്ണുപ്രിയ കുടുങ്ങിയത്.
താന്‍ എഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസാണെന്നും തന്‍റെ ഫോട്ടോ എടുക്കരുതെന്നും മാദ്ധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.