സിസി ടിവി ദൃശ്യങ്ങള്‍ ചതിച്ചു, വിനയായത് ബൈക്ക്; ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍
പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയില്‍. തിരുവല്ലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ പൂന്തുറ സ്വദേശി സലീം ആണ് തിങ്കളാഴ്‌ച രാത്രിയോടെ പിടിയിലായത്.
സലീം കാറ്ററിംഗ് സർവ്വീസ് നടത്തുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തു വരുകയാണ്.
ഐപിഎസ് ട്രെയിനിയും തിരുവല്ലം സ്റ്റേഷനിലെ എസ്.എച്ച്.ഒയായ ഐശ്വര്യ പ്രശാന്ത് ദോംഗ്രെയുടെ മാലയാണ് പ്രതി പൊട്ടിച്ചത്. കോവളം - പാച്ചല്ലൂർ ബൈപാസിലെ സർവീസ് റോഡിൽ കൊല്ലന്തറയ്‌ക്ക് സമീപം ശനിയാഴ്‌ച രാവിലെ ഏഴിനായിരുന്നു സംഭവം. ഉദ്യോഗസ്ഥയ്‌ക്ക് പിന്നാലെ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും കൈ തട്ടി മാറ്റുകയായിരുന്നു.
സിസി ടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് സലീം സഞ്ചരിച്ചിരുന്ന ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടെയാണ് യുവാവിനെ കുറിച്ച് നിർണായക വിവരങ്ങൾ ഷാഡോ പൊലീസിന് ലഭിച്ചത്.