‘ജനങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കും’

ബുധന്‍, 14 മെയ് 2014 (16:40 IST)
ജനങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പലിശ ലഭ്യമാക്കുന്നത് സംബന്ധിച്ച് ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ക്കായി 22ന് ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു. 
 
സഹകരണ മേഖലയില്‍ മിതമായ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സഹകരണ വകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വായ്പാസ്ഥാപനങ്ങള്‍ ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.  
 
ബ്ലേഡ് മാഫിയയ്ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം റെയ്ഡ് നടക്കുന്നുണ്ട്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടതിനെ കുറിച്ച് പൂര്‍ണമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ജൂണ്‍ ഒമ്പത് മുതല്‍ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്നം അടക്കമുള്ളവ നിയമസഭ ചര്‍ച്ച ചെയ്യും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് കേരളത്തിന് പ്രതികൂല വിധി ഉണ്ടായതിനെ തുടര്‍ന്ന് നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടിരുന്നു.
 
നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകള്‍ മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

വെബ്ദുനിയ വായിക്കുക