സംസ്ഥാനത്തെ തിരക്കേറിയ ബസ് സ്റ്റാൻഡുകളിലും പാർക്കുകളിലും സൗജന്യ വൈഫൈ വരുന്നു.
വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ഈ പദ്ധതി സാധ്യമാകും. ജൂലൈയിലെ ബജറ്റ് പ്രഖ്യാപനത്തില്‍ 1000 വൈഫൈ ഹോട്‌സ്പോട്ടുകള്‍ സ്ഥാപിക്കും എന്ന് പറഞ്ഞിരുന്നു. അതും കൂടി ചേർത്താണ് 2000 വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കുന്നത്.
ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ഇടങ്ങളുടെ പട്ടിക തയ്യാറാക്കി വിവരമറിയിക്കാന്‍ കലക്ടർമാരോട് ഐടി വകുപ്പ് ആവശ്യപ്പെട്ടു. 50 കോടി രൂപ ചെലവിലാണ് ഐടി മിഷൻ ഈ പദ്ധതി നടപ്പിലാക്കുന്നത്. ബസ് സ്റ്റേഷൻ, പാർക്ക്, റെയിൽവേ സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, കോളജുകൾ, സർവകലാശാലകൾ, ഒന്നാം ഗ്രേഡ് ലൈബ്രറികൾ എന്നിവിടങ്ങളിൽ വൈഫൈ ട്രാൻസ്മിറ്റർ സ്ഥാപിക്കും. ഇതിലൂടെ ഫോണിലും ലാപ്ടോപ്പിലും ടാബ്‌ലെറ്റിലും വളരെ വേഗത്തിൽ വൈഫൈ സിഗ്നലുകൾ സ്വീകരിക്കാനാകും. ഒരു ദിവസം 200 എംബി വരെ ഡേറ്റ ലഭിക്കുന്നതാണ്. 100 മീറ്റർ പരിധിക്കുള്ളിൽ സിഗ്‌നലുകൾ നൽകാനാകുന്ന ഉപകരണങ്ങളാണ് നിലവില്‍ സ്ഥാപിക്കുന്നത്. രണ്ടാം ഘട്ടത്തിൽ നിരീക്ഷണ ക്യാമറകൾ കൂടി ഇതോടൊപ്പം സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്.