Who is Swami Santhosh Madhavan: നഗ്നപൂജയുടെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ദുബായില്‍ നിന്ന് എത്തിയപ്പോള്‍ സ്വാമി അമൃത ചൈതന്യ; കുപ്രസിദ്ധന്‍ സന്തോഷ് മാധവന്‍ ആരാണ്?

രേണുക വേണു

ബുധന്‍, 6 മാര്‍ച്ച് 2024 (19:15 IST)
Santhosh Madhavan

Who is Swami Santhosh Madhavan: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആളാണ് ഇന്ന് മരിച്ച് സ്വയം പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന്‍. കട്ടപ്പന സ്വദേശിയായ സന്തോഷ് പ്രീഡിഗ്രി പഠനത്തിനു ശേഷം വീടിനടുത്ത് പെട്ടിക്കട നടത്തിയാണ് ജീവിച്ചിരുന്നത്. പിന്നീട് വീട് വിട്ട് ജ്യോതിഷ പഠനത്തിനായി പോയി. പിന്നീടങ്ങോട്ട് ട്വിസ്റ്റുകള്‍ നിറഞ്ഞ സിനിമാ കഥ പോലെയാണ് സന്തോഷ് മാധവന്‍ എന്ന കൊടും ക്രിമിനല്‍ കേരളത്തിലെ ചര്‍ച്ചാ വിഷയമായത്. 
 
ദുബായില്‍ പോയ ശേഷം 2002 ല്‍ സന്തോഷ് നാട്ടിലേക്ക് തിരിച്ചെത്തി. വീടിനടുത്തുള്ള ഒരു പെണ്‍കുട്ടിയുമായി സന്തോഷിന്റെ ആദ്യ വിവാഹവും കഴിഞ്ഞു. ഈ ബന്ധം പിന്നീട് പിരിയുകയായിരുന്നു. 2004 ലാണ് സന്തോഷ് മാധവന്‍ എന്ന ജ്യോതിഷി കുപ്രസിദ്ധി നേടിയത്. സുനാമി ദുരന്തം മുന്‍കൂട്ടി പ്രവചിച്ചയാള്‍ എന്നുപറഞ്ഞാണ് സന്തോഷ് മാധവന്‍ സ്വയം മാര്‍ക്കറ്റ് ചെയ്തത്. സിനിമ താരങ്ങളും രാഷ്ട്രീയക്കാരും സന്തോഷ് മാധവിന്റെ അടുത്തേക്ക് ഒഴുകിയെത്തി. അതിനൊപ്പം സമ്പാദ്യവും കുമിഞ്ഞുകൂടി. 
 
സന്തോഷ് മാധവനില്‍ നിന്ന് സ്വാമി അമൃത ചൈതന്യയിലേക്കുള്ള മാറ്റം പെട്ടന്നായിരുന്നു. 2008 ലാണ് ഇയാള്‍ക്കെതിരെ ആദ്യ പരാതി വരുന്നത്. ദുബായില്‍ നിന്ന് ഒരു വിദേശ മലയാളിയുടെ 45 ലക്ഷം രൂപ തട്ടിയെന്നതായിരുന്നു പരാതി. ഇതിനിടെ ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണ് ഇയാളെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായി. പരാതി ഉയര്‍ന്നതോടെ ഒളിവില്‍ പോയ സന്തോഷ് മാധവനെ വൈപ്പിനില്‍ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്. അതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരായ കൂടുതല്‍ പരാതികള്‍ പുറത്തുവന്നത്. 
 
നഗ്നപൂജ എന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സന്തോഷ് മാധവന്‍ പീഡിപ്പിച്ചിരുന്നു. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ സിഡികള്‍ അടക്കം ഇയാളുടെ താമസസ്ഥലത്തു നിന്ന് പിടിച്ചെടുത്തു. പീഡനക്കേസില്‍ ചില പെണ്‍കുട്ടികള്‍ പിന്നീട് മൊഴി മാറ്റിയെങ്കിലും ഒരു പരാതിക്കാരി മാത്രം ഉറച്ചുനിന്നു. കോടതിക്ക് മുന്നില്‍ ഈ പെണ്‍കുട്ടി സന്തോഷ് മാധവനെതിരെ മൊഴി നല്‍കി. പീഡനക്കേസില്‍ ഇയാള്‍ക്ക് 16 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു. ഒടുവില്‍ നീണ്ട വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ആരുമായും വലിയ ബന്ധങ്ങളില്ലാതെ ഒതുങ്ങികഴിയുകയായിരുന്നു സന്തോഷ് മാധവന്‍. ഇതിനിടെയായിരുന്നു ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരണം.
 
അറസ്റ്റിലാകുന്ന സമയത്ത് 80 ലക്ഷം രൂപയായിരുന്നു സന്തോഷ് മാധവന്റെ ബാങ്ക് നിക്ഷേപം. കട്ടപ്പന ടൗണില്‍ മൂന്ന് നില ലോഡ്ജ്, വൈക്കത്ത് ആറ് ഏക്കര്‍ പാടം, ചെറായി ബീച്ചിനടുത്ത് 13 സെന്റ് സ്ഥലം, കൊച്ചിയിലെ ശാന്തിതീരം ആശ്രമം എന്നിങ്ങനെ വലിയ സ്വത്ത് വകകള്‍ ഉണ്ടായിരുന്നു. അംഗരക്ഷകരായി ഒപ്പം നടന്നിരുന്നത് പത്തംഗ ഗുണ്ടാസംഘം. പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങളാണ് ശാന്തിതീരം ആശ്രമത്തിലും ഗസ്റ്റ് ഹൗസിലും ഉണ്ടായിരുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് ആശ്രമത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ അശ്ലീല വീഡിയോ സിഡികളും ആഡംബര മദ്യക്കുപ്പികളും കഞ്ചാവും ഇവിടെ നിന്ന് കണ്ടെത്തി. കടുവാത്തോല്‍ കണ്ടെടുത്തതിനു വനംവകുപ്പ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. 
 
2007 നവംബര്‍ 26 നായിരുന്നു സന്തോഷ് മാധവന്റെ രണ്ടാം വിവാഹം. ആഡംബരമായാണ് വിവാഹ ചടങ്ങ് നടന്നത്. സിനിമാ താരങ്ങളും ഗായകരും അടക്കം പ്രമുഖര്‍ പങ്കെടുത്തു. കല്യാണ വേദി ഒരുക്കിയ പ്രമുഖ ആര്‍ട്ട് ഡയറക്ടറെ അടക്കം പണം കൊടുക്കാതെ പറ്റിച്ചു. പിന്നീട് ഈ കേസിലും പൊലീസ് ഇടപെടേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ട്. 
 
നഗ്നപൂജയ്ക്കായി പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ വലവീശി പിടിക്കുകയായിരുന്നു ഇയാളുടെ ശീലം. പെണ്‍കുട്ടികളുടെ പഠന ചെലവും വീട്ടിലേക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ തന്റെ അരികിലേക്ക് എത്തിച്ചിരുന്നത്. കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ചാണ് പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചിരുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടിയെ മാത്രം 2006-ല്‍ എട്ടു തവണയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. പീഡനദൃശ്യങ്ങള്‍ ഇയാള്‍ ക്യാമറയിലും പകര്‍ത്തിയിരുന്നു.
 
അനധികൃതമായി ഇയാള്‍ ഭൂമി കയ്യടക്കി വെച്ചിരുന്നു. വൈക്കം താലൂക്കില്‍ ഭൂപരിഷ്‌കരണം ലംഘിച്ച് ഏഴര ഏക്കര്‍ ഭൂമി തട്ടിയെടുത്തെന്ന പരാതി ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനായി ഒത്താശ ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഈ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍