അന്തര്‍സംസ്ഥാന വാഹനമോഷണം: പ്രധാന പ്രതി പിടിയില്‍

ബുധന്‍, 7 ജനുവരി 2015 (16:35 IST)
പൊലീസിന് ഏറെ തലവേദനയുണ്ടാക്കിയ അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘത്തിലെ പ്രധാന പ്രതി പൊലീസ്‌ വലയിലായി. മംഗലാപുരം സൂറത്തല്‍ സ്വദേശി അലി അഹമ്മദ്‌ എന്ന 37 കാരനാണു ബംഗളൂരുവില്‍ നിന്ന് ചങ്ങരംകുളം പൊലീസിന്റെ വലയിലായത്‌. 
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലേറെ വാഹനങ്ങള്‍ മോഷ്ടിച്ച കേസുകള്‍ ഇയാളുടെ പേരിലുണ്ട്‌. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നു മോഷ്ടിക്കുന്ന വാഹനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ കടത്തിയ ശേഷം അപകടങ്ങളില്‍ പെട്ട്‌ പൂര്‍ണ്ണമായും ഉപയോഗശൂന്യമായ വാഹനങ്ങളുടെ രജി.സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ മോഷ്ടിച്ച വാഹനങ്ങളുടെ പേരിലാക്കി വില്‍ക്കുകയായിരുന്നു സംഘത്തിന്റെ രീതി. 
 
കഴിഞ്ഞ ജൂണില്‍ ഈ സംഘത്തിലെ അകലാട്‌ സ്വദേശി ചെറുതോട്ടുപാടത്ത്‌ സുലൈമാന്‍, ചെമ്പ്രശേരി അമ്പലപ്പറമ്പന്‍ ബഷീര്‍ എന്നീ രണ്ടു പേരെ പൊലീസ്‌ പിടികൂടിയിരുന്നു. കോടിക്കണക്കിനു രൂപയുടെ സ്വത്തും മറ്റ്‌ ആസ്തികളും അലി അഹമ്മദിന്റെ പേരിലുണ്ടെന്ന് പൊലീസ്‌ കണ്ടെത്തി. എസ്‌ ഐ ശശീന്ദ്രന്‍ മേലതിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ ഇയാളെ പിടികൂടിയത്‌. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക