വയനാട് ഇടത്തോട്ട്; മാനന്തവാടിയിൽ മന്ത്രി ജയലക്ഷ്മിക്കും കൽപ്പറ്റയിൽ ശ്രയാംസ് കുമാറിനും തിരിച്ചടി , യു ഡി എഫിന് ആശ്വസിക്കാൻ ബത്തേരി മാത്രം

വ്യാഴം, 19 മെയ് 2016 (12:15 IST)
യു ഡി എഫിന് എന്നും ഫലഭൂഷ്ഠമായ മണ്ണായിരുന്നു വയനാട്. പക്ഷേ ആ കുത്തകയ്ക്ക് വോട്ടർമാർ തിരിച്ച് വിധിയെഴുതിയ കാലമായിരുന്നു ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ്. മാനന്തവാടിയിൽ യു ഡി എഫ് സ്ഥാനാർത്ഥി മന്ത്രി പി കെ ജയലക്ഷ്മി തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ ഒ ആർ കേളുവിനോട് തോറ്റു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ജയലക്ഷ്മി മുന്നിലായിരുന്നെങ്കിലും പിന്നീട് പിന്തള്ളപ്പെടുകയായിരുന്നു.
 
ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസിന്റെ കെ സി ബാലകൃഷ്ണന്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി കെ ജാനുവിന് മണ്ഡലത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ജനാധിപത്യമഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും പൂതാടി പഞ്ചായത്ത് പ്രസിഡന്റുമായ രുക്‌മിണി സുബ്രഹ്‌മണ്യൻ ആയിരുന്നു എൽ ഡി എഫിനുവേണ്ടി മത്സരിച്ചത്.
 
കല്പറ്റയിൽ ജനതാദൾ യു വിലെ എം വി ശ്രേയാംസ്‌കുമാർ സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനോട് തോറ്റു. കെ സദാനന്ദനായിരുന്നു ഇവിടെ ബി ജെ പി സ്ഥാനാർഥി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഇരുവരും തമ്മിൽ ശക്തമായ മത്സരം ആയിരുന്നു ഉണ്ടായിരുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക