പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ്, സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തും: മുഖ്യമന്ത്രി

രേണുക വേണു

ശനി, 3 ഓഗസ്റ്റ് 2024 (13:22 IST)
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിനായി കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
' ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയില്‍ നടത്താനാവണം എന്നാണ് ആലോചിച്ചിട്ടുള്ളത്. വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞു പോയത്. അതിനു പകരം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി അവിടെ ഒരു ടൗണ്‍ഷിപ്പ് തന്നെ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും മാതൃകാപരമായ രീതിയില്‍ ഈ പുനരധിവാസ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കാന്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവര്‍ത്തിക്കും,' മുഖ്യമന്ത്രി പറഞ്ഞു. 
 
' വെള്ളാര്‍മല സ്‌കൂളിന്റെ അവസ്ഥ നാമെല്ലാം കണ്ടതാണ്. ആ വിദ്യാലയത്തില്‍ കഴിഞ്ഞ ദിവസം വരെ പഠിച്ച അനേകം വിദ്യാര്‍ത്ഥികളെ ദുരന്തം കൊണ്ടുപോയി. അവിടെ പഠനം മുടങ്ങിയിരുന്നു. ഈ പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുടക്കം വരാന്‍ പാടില്ല. ആവശ്യമായ സംവിധാനങ്ങള്‍ ഉടനടി ഏര്‍പ്പെടുത്തും. അതിനു നേതൃത്വം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വയനാട്ടില്‍ എത്തും.' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍