വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല, അട്ടമല പ്രദേശത്തെ ഉരുള്‍പ്പൊട്ടല്‍ കേരളം ഇതുവരെ കണ്ട അതീവ ദാരുണമായ പ്രകൃതി ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പ്പൊട്ടിയത് മനുഷ്യവാസ മേഖലയില്‍ അല്ല. പ്രഭവ കേന്ദ്രത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയ്ക്കാണ് വെള്ളവും പാറകളും മണ്ണും ഒഴുകിയെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്തല്ല അപകടം ഉണ്ടായത്. ഉരുള്‍പ്പൊട്ടലിന്റെ പ്രഭവ കേന്ദ്രമായി അറിയപ്പെടുന്ന മുണ്ടക്കൈ എന്ന സ്ഥലം തീവ്ര ദുരന്ത സാധ്യത പ്രദേശത്താണ്. ഒഴുകിവന്ന മണ്ണും പാറകളും ദുരന്ത സാധ്യത ഇല്ലാത്ത ചൂരല്‍മല അങ്ങാടിയില്‍ വന്നടിഞ്ഞു. പ്രഭവ കേന്ദ്രത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ഇത്. നിരപ്പായ പുഴയുടെ തീരമുള്ളതും വര്‍ഷങ്ങളായി ജനവാസമുള്ള മേഖലയുമാണ് ഇത്. എന്നാല്‍ ഉരുള്‍പ്പൊട്ടല്‍ പ്രഭവ കേന്ദ്രം മനുഷ്യവാസം ഇല്ലാത്ത സ്ഥലവും,' മുഖ്യമന്ത്രി പറഞ്ഞു.
93 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. ഇതൊരു അവസാന കണക്കായി പറയാന്‍ പറ്റില്ല. 128 പേര്‍ ചികിത്സയിലാണ്. ഒട്ടേറെ മൃതദേഹങ്ങള്‍ ഒഴുകിപ്പോയി. മലപ്പുറം നിലമ്പൂര്‍ പോത്തുകല്‍ ചാലിയാറില്‍ നിന്ന് 16 മൃതദേഹങ്ങള്‍ കണ്ടെത്താനായി. ചില ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 34 മൃതദേഹങ്ങള്‍ ഇതിനോടകം തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.