വിഎസ് അച്യുതാനന്ദൻ പാര്‍ട്ടി വിരുദ്ധനാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. അദ്ദേഹത്തെ ഞാന്‍ അങ്ങനെ വിളിച്ചുവെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണ്. എൽഡിഎഫിലെ ഐക്യം തകര്‍ക്കാന്‍ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ ചില മാധ്യമങ്ങള്‍ പ്രത്യേക ലക്ഷ്യംവച്ച് വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ്. ഇതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വിഎസിനെക്കുറിച്ച് അത്തരത്തിലൊരു ചോദ്യം ചോദിച്ചത്. വിഎസിന്റെ കാര്യം പിബി കമ്മീഷന്റെ പരിഗണനയിലാണെന്നും കമ്മീഷന് റിപ്പോര്‍ട്ട് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നുമാണ് ഞാന്‍ പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി.
വിഎസും പിണറായും കൊമ്പുകോര്‍ക്കുന്നു എന്ന വാര്‍ത്ത തെരഞ്ഞെടുപ്പ് സമയത്ത് സൃഷ്ടിക്കാന്‍ വേണ്ടിയാണ് ബോധപൂര്‍വം ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത്. മുന്‍കാലങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ വാർത്ത വന്ന ശേഷം അടുത്ത പൊതു സമ്മേളനത്തിൽ താൻ വിശദീകരണം നൽകി. അപ്പോൾ സീതാറാം യെച്ചൂരി വിളിച്ച് പറഞ്ഞത് കൊണ്ടാണ് തിരുത്തിയെന്നാണ് ചിലർ വാർത്ത കൊടുത്തത്. എന്നാൽ യെച്ചൂരി തന്നെ വിളിച്ചിട്ടില്ല. മുമ്പ് പറഞ്ഞത് തിരുത്തിയെന്നതും തെറ്റാണ്. തിരുവനന്തപുരത്ത് പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ആറ്റിങ്ങലിലും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.