ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം; എംഎം മണിക്ക് മറുപടിയുമായി വിഎസ്

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (15:02 IST)
എംഎം മണിക്കെതിരെ കടുത്ത വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രി എംഎം മണി, വിഎസിനെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയുമായാണ് വി എസ് രംഗത്തെത്തിയിരിക്കുന്നത്. ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ഇവിടുത്തെ ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാന്‍ വേണ്ടിയാണെന്നും വിഎസ് പറഞ്ഞു.
 
ദേവികുളം എംഎല്‍എയായ എസ് രാജേന്ദ്രനെ പിന്തുണച്ചും വിഎസിന്റെ പരാമര്‍ശങ്ങള്‍ തളളിയുമാണ് ഇന്നലെ മന്ത്രി എം എം മണി രംഗത്തെത്തിയിരുന്നത്. മൂന്നാറില്‍ ഒരു തരത്തിലുള്ള ഭൂമി കൈയേറ്റവും നടന്നിട്ടില്ല. തന്റെ കയ്യില്‍ പട്ടയമുണ്ടെന്നാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ അവകാശപ്പെടുന്നത്. അയാള്‍ അവിടെ ജനിച്ചുവളര്‍ന്നയാളാണ്. വെറുതെ അദ്ദേഹത്തിന്റെ മെക്കിട്ടുകയറുകയാണെന്നും വിഎസിനെക്കുറിച്ച് താന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് വയ്യാവേലിയാകുമെന്നും മണി പറഞ്ഞിരുന്നു. 
Next Article