സമരജീവിതത്തിന് നൂറ്റാണ്ടിന്റെ തിളക്കം, വി എസ് അച്യുതനാന്ദന് ഇന്ന് നൂറാം പിറന്നാള്‍

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2023 (08:17 IST)
മുന്‍ മുഖ്യമന്ത്രിയും ഇടത് പക്ഷ നേതാവുമായ വി എസ് അച്യുതനാന്ദന് ഇന്ന് നൂറാം പിറന്നാള്‍. സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപോയി സിപിഎം രൂപീകരിച്ച 32 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ് . മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് നിലവില്‍ വി എസ് ഉള്ളത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും സമകാലിക സംഭവങ്ങളെല്ലാം വി എസ് അച്യുതാനന്ദന്‍ അറിയുന്നതായി മകന്‍ അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
 
ആലപ്പുഴ വെന്തലത്തറ വീട്ടില്‍ 1923 ഒക്ടോബര്‍ 20നായിരുന്നു വി എസിന്റെ ജനനം. നാലാം വയസ്സില്‍ അമ്മയും 11 വയസ്സില്‍ അച്ഛനും മരിച്ചതോടെ അനാഥത്വവും ദാരിദ്ര്യവും വേട്ടയാടിയ കുട്ടിക്കാലത്തിലൂടെയാണ് വി എസ് കടന്നുപോയത്. ഈ സമയമെല്ലാം തന്നെ പഠിക്കണം എന്ന ആഗ്രഹം വി എസ് ഉപേക്ഷിച്ചില്ല. ഒരു നേരത്തെ ആഹാരം എന്നത് പോലും നേടിയെടുക്കാന്‍ വഴിയില്ലാതെ വന്നപ്പോള്‍ ഏഴാം ക്ലാസിലാണ് വി എസ് പഠനം അവസാനിപ്പിച്ചത്. തുടര്‍ന്ന് വീട്ടിലെ വിശപ്പടക്കാനായി ആസ്പിന്‍വാള്‍ കമ്പനിയില്‍ ജോലി. കുറഞ്ഞ കൂലിയും മോശമായ തൊഴില്‍ സാഹചര്യവും ശമ്പളവും. വ്യവസ്ഥിതിയോടുള്ള വി എസിന്റെ കലഹത്തിന്റെ സുപ്രധാനമായ ഏടായി തൊഴില്‍സ്ഥലം മാറി. പെട്ടെന്ന് തന്നെ വി എസ് മുതലാളിമാരുടെ കണ്ണിലെ കരടായി.പതിനേഴാം വയസ്സില്‍ പാര്‍ട്ടി അംഗത്വം നേടി. 1943ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു.
 
കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളികള്‍ക്കിടയിലേക്കിറങ്ങി രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. പതിറ്റാണ്ടുകളായി ജന്മിമാര്‍ക്ക് മുന്നില്‍ തലകുനിച്ച് നിന്ന ഒരു ജനതയെ കൂലി കൂട്ടിചോദിക്കാന്‍ പ്രാപ്തമാക്കി. കൊടിയ മര്‍ദ്ദനങ്ങളും ചെറുത്തുനില്‍പ്പുകളും ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തില്‍ ഭാഗമായി, ദിവസങ്ങളോളം നീണ്ട പോലീസ് മര്‍ദ്ദനങ്ങള്‍ പലകുറി ഏറ്റുവാങ്ങി. 1957ല്‍ ആദ്യ ഇടത് സര്‍ക്കാര്‍ വന്നതോടെ സംസ്ഥാന നേതൃനിരയില്‍ അച്യുതാനന്ദന്‍ പ്രമുഖമായ സ്ഥാനം നേടി. 1964ല്‍ പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപീകരിച്ചതോടെ അച്യുതാനന്ദനും സിപിഎമ്മിലേക്ക് മാറി. സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു. ജനമനസ്സുകളില്‍ വി എസ് പെട്ടെന്ന് തന്നെ ഇടം നേടി. കേരളത്തിലെ ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഇടം നേടി. പ്രതിപക്ഷ നേതാവെന്ന തരത്തില്‍ പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. ജീവിതസായാഹ്നത്തില്‍ അനാരോഗ്യം തളര്‍ത്തുമ്പോഴും നാടിനോടുള്ള സ്‌നേഹത്തിനും കരുതലിനും ഇന്നും കുറവ് സംഭവിച്ചിട്ടില്ല. വിപ്ലവ ജീവിതത്തിന് നൂറ് തികയുമ്പോള്‍ പതിനായിരങ്ങളുടെ നെഞ്ചില്‍ സഖാവ് എന്ന പേര് പറയുമ്പോള്‍ ആദ്യം ഓടിയെത്തുന്ന ആളിന്റെ രൂപം ഇന്നും വി എസിന്റേതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article