തെരഞ്ഞെടുപ്പ് യുദ്ധത്തിന് കൊഴുപ്പ് കൂട്ടി നേതാക്കളുടെ സോഷ്യൽ മീഡിയ പോരാട്ടം. അഞ്ച് വർഷം കൊണ്ട് കേരളം ആകെ അളന്ന് കോർപ്പറേറ്റ് മുതലാളിമാർക്ക് പതിച്ചു കൊടുത്തു. ഇനി അടുത്ത കാൽ നമ്മുടെ തലയിൽ വയ്‌ക്കാനായി ഉയർത്തി പിടിച്ചിരിക്കുകയാണ് ഉമ്മൻചാണ്ടി എന്ന് വി എസ് അച്യുതാനന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
വി എസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഉമ്മൻ ചാണ്ടി എന്ന റിയൽ എസ്റ്റേറ്റ് ഏജന്റ്
മൂന്നടി മണ്ണ് ഭിക്ഷയായി യാചിച്ച വാമനന് മണ്ണ് അളന്ന് എടുക്കാൻ അനുവാദം നൽകിയ മഹാബലിയുടെ അവസ്ഥയിലാണ് മലയാളികൾ. പാവം പോലെ വന്ന് യാചിച്ച് അധികാരം നേടിയ അഭിനവ വാമനൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി അഞ്ച് വർഷം കൊണ്ട് കേരളം ആകെ അളന്ന് കോർപ്പറേറ്റ് മുതലാളിമാർക്ക് പതിച്ചു കൊടുത്തു. ഇനി അടുത്ത കാൽ നമ്മുടെ തലയിൽ വയ്‌ക്കാനായി ഉയർത്തി പിടിച്ചിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം പരിശോധിച്ചാൽ മുഖ്യമന്ത്രി എന്ന പദത്തെക്കാൾ ശ്രീ. ഉമ്മൻ ചാണ്ടിക്ക് കൂടുതൽ യോജിക്കുക 'റിയൽ എസ്‌റ്റേറ്റ് ബ്രോക്കർ" എന്ന വിശേഷണമാകും. അതും അല്ലറ ചില്ലറ ഭൂമി കച്ചവടം നടത്തുന്ന ചെറുകിട ബ്രോക്കർ അല്ല. ആയിര കണക്കിന് ഏക്കർ സർക്കാർ ഭൂമി വൻകിട കോർപ്പറേറ്റുകൾക്ക് ചുളു വിലയ്‌ക്ക് അടിച്ചു മാറ്റാൻ ഇടനില നിൽക്കുന്ന റിയൽ എസ്‌റ്റേറ്റ് ബ്രോക്കർ. ഭൂമി അളക്കാനായി ആകാശത്തോളം വലുതായ ഭീമാകാരനായ വാമനനെ പോലെയാണ് നിൽപ്പ്. ചോരോം കാ രാജാ എന്നു പറയും പോലെ 'ബ്രോക്കറോം കാ ബ്രോക്കർ" എന്നു പറയുന്നതാവും കൂടുതൽ ശരി.
തുടർ ഭരണം വേണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുന്നത് തന്നെ ഇനി ബാക്കിയുളള ഭൂമി കൂടി കച്ചവടം നടത്താനാണ്. ഭരണം തീരാൻ പോകുന്നത് അറിഞ്ഞ് കഴിഞ്ഞ രണ്ടു മാസങ്ങളിലായി ഈ സർക്കാർ കോർപ്പറേറ്റുകൾക്കും മതമേധാവികൾക്കുമായി നടത്തിയ 'ഭൂമി പതിച്ചു നൽകൽ ബമ്പർ മേള"യിൽ ചിലത് ഞങ്ങളുടെ ശക്തമായ എതിർപ്പിനെയും ഹൈക്കോടതി ഇടപെടലിനെയും തുടർന്ന് മരവിപ്പിക്കേണ്ടി വന്നു. ഇതിനെല്ലാം അഡ്വാൻസ് നൽകിയ വൻകിട മുതലാളിമാരാണ് ഇപ്പോൾ യു ഡി എഫ് പ്രചരണത്തിനായി കോടി കണക്കിന് രൂപ വാരിയെറിയുന്നത്. ആയിര കണക്കിന് കോടി രൂപ വിപണി വില വരുന്ന ഭൂമിക്കു വേണ്ടി ഇപ്പോൾ നാനൂറോ അഞ്ഞൂറോ കോടി മുടക്കിയാൽ നഷ്‌ടമില്ലെന്ന കണക്കുകൂട്ടലിലാണിവർ. പക്ഷെ ഇതു കേരളമാണെന്നും മലയാളികളെ കാശിറക്കി അങ്ങനെ പറ്റിക്കാനാവില്ലെന്നും 19 ന് രാവിലെ ഈ ഉത്തരേന്ത്യൻ മുതലാളിമാർ തിരിച്ചറിയും.
കഴിഞ്ഞ ഇടതു സർക്കാർ വൻകിട മുതലാളിമാർ അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമി തിരിച്ചു പിടിക്കുകയും പാവപ്പെട്ടവർക്ക് ഭൂമിവിതരണം ചെയ്യുകയും ചെയ്‌തു. എന്നാൽ ഈ സർക്കാർ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് അവകാശപ്പെട്ട സർക്കാർ ഭൂമി മൊത്ത കച്ചവടം നടത്തുകയാണ്. കായലും കാടും പുഴയോരവും തണ്ണീർ തടങ്ങളും നെൽപ്പാടങ്ങളും പതിച്ചു നൽകുകയാണ്. കേരളത്തിന്റെ മണ്ണും ജലവും കാടും സംരക്ഷിക്കാൻ ഇടതു മുന്നണി സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചു. എന്നാൽ ഇതെല്ലാം വിറ്റ് തുലയ്‌ക്കാനാണ് ഈ സർക്കാർ ശ്രമിച്ചത്. മെത്രാൻ കായലിൽ 378 ഏക്കർ, കടമക്കുടിയിൽ 47 ഏക്കർ, വൈക്കത്ത് ചെമ്പിൽ 150 ഏക്കർ, ഇടുക്കി ഹോപ്പ് പ്ളാന്റേഷൻസിന് 724 ഏക്കർ തുടങ്ങീ തീരുമാനം എടുത്തതും മരവിപ്പിച്ചതുമായ ഭൂമി ഇടപടുകളുടെ പട്ടിക നീണ്ടതാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് നാലിന് പത്ത് ഉത്തരവുകളിലായി 18 ഏക്കർ ഭൂമിയാണ് വിവിധ മതസംഘടനാ നേതാക്കളെ പ്രീണിപ്പിക്കാനായി പതിച്ചു നൽകിയത്. മുമ്പ് ശ്രീമാൻ എ.കെ.ആന്റണിയെ ചവിട്ടിയിറക്കി കുറച്ചു നാൾ മുഖ്യമന്ത്രിയായിരുന്നപ്പോഴും സ്‌മാർട്ട് സിറ്റിയെ റിയൽ എസ്‌റ്റേറ്റാക്കി മാറ്റാൻ അന്ന് ചെറുകിട ബ്രോക്കർ ആയിരുന്ന ഇദ്ദേഹം ശ്രമിച്ചിരുന്നു.
''ഇടയ്‌ക്ക് ഓൺലൈൻ റിയൽ എസ്‌റ്റേറ്റ് സൈറ്റുകൾ ഒക്കെ ഒന്ന് നോക്കിക്കോണേ, സെക്രട്ടറിയേറ്റും നിയമസഭയും വിൽപ്പനയ്‌ക്ക് വച്ചിട്ടുണ്ടോന്ന് അറിയാനാ"" ഒരു എഫ് ബി സുഹൃത്ത് അയച്ചു തന്ന തമാശയാണ് ശ്രീ ഉമ്മൻ ചാണ്ടിയുടെ ഭൂമി കച്ചവടത്തിന്റെ വ്യാപ്‌തി ബോധ്യപ്പെട്ടാൽ ഇത് തമാശയായി തോന്നില്ല.
എൻ ബി: ശ്രീ. ഉമ്മൻ ചാണ്ടിയോട് ഒരു അപേക്ഷ. ഇതുവരെ ഞാൻ ഉന്നയിച്ച ഒരു ചോദ്യത്തിനും അങ്ങ് വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. 'നിങ്ങളല്ലേ കോഴിയെ കട്ടത് ?" എന്ന് ചോദിക്കുമ്പോൾ 'എനിക്ക് എരിവുളള കോഴിക്കറി ഇഷ്‌ടമല്ലെന്ന് അറിഞ്ഞു കൂടേ" എന്ന മട്ടിലുളള മറുപടിയാണ് അങ്ങ് നൽകുന്നത്. ഇനിയും ഇതുവഴി വരല്ലേ... ഇത്തരം ഉഡായിപ്പുകളും തെളിച്ചു കൊണ്ട്... ഇതിനെങ്കിലും കൃത്യമായ ഉത്തരം പ്രതീക്ഷിക്കുന്നു.