പിണറായിക്കെതിരെ സ്വരമുയര്‍ത്താന്‍ പോലും കോണ്‍ഗ്രസില്‍ ആളില്ല, മുഖ്യമന്ത്രിയോട് ആരും ഒന്നും ചോദിക്കുന്നില്ല; പ്രതിപക്ഷത്തിന്റെ പരാജയം ചൂണ്ടിക്കാട്ടി സുധീരന് രംഗത്ത്
പിണറായി വിജയന് സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ പോലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനു സാധിക്കുന്നില്ലെന്ന് പരോക്ഷമായി പറഞ്ഞ് മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ രംഗത്ത്.
ആരും ചോദിക്കാനില്ലെന്ന തരത്തിലാണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്. പ്രതികരിക്കേണ്ട വിഷയങ്ങളായ കോവളം കൊട്ടാരം, ആതിരപ്പള്ളി വിഷയങ്ങളിൽ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മൃദുസമീപനമാണ് പുറത്തെടുത്തത്. ഈ വിഷയങ്ങളില്‍ ശക്തമായ പ്രതികരണം നടത്താന്‍ ആര്‍ക്കും സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിടി തോമസ്, വിഡി സതീശൻ എന്നിവർ മാത്രമാണ് കോവളം കൊട്ടാരം, ആതിരപ്പള്ളി വിഷയങ്ങളിൽ പ്രതികരിക്കാനായി ഉണ്ടായിരുന്നത്. മറ്റു നേതാക്കള്‍ ഈ സമയം പ്രതികരിച്ചില്ല്ല. സർക്കാരിന്റെ തെറ്റായ നയങ്ങളെ ശക്തമായി ചെറുക്കാൻ കോണ്‍ഗ്രസിനാകണം. സർക്കാരിന്റെ തെറ്റായ നടപടിക്കെതിരേ ശബ്ദമുയർത്താന്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും സുധീരന് ചോദിച്ചു.
അതിരപ്പിള്ളി പദ്ധതി വിഷയത്തില്‍ പോലും പ്രതിപക്ഷത്ത് രണ്ട് അഭിപ്രായം ഉള്ള സാഹചര്യത്തിലാണ് നേതൃത്വത്തിനു നേർക്ക് വിമർശനത്തിന്റെ സ്വരവുമായി സുധീരന് രംഗത്ത് എത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായക്കാരാണ്.