ലാവലിന്‍കേസ് സംബന്ധിച്ച് തനിക്ക് യാതൊരു ഭയവുമില്ലെന്ന് വ്യക്തമാക്കിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അരിയെത്ര എന്ന ചോദിച്ചപ്പോൾ പയർ അഞ്ഞാഴി എന്നാണ് പിണറായി പറയുന്നത്. ലാവലില്‍ കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങൾക്കും യുക്തിസഹമായി മറുപടി നൽകാതെ അദ്ദേഹം വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും സുധീരന്‍ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ ബിഎച്ച്ഇഎല്ലിന് കരാർ നൽകാനുള്ള ബാലാനന്ദൻ കമ്മിറ്റി റിപ്പോർട്ട് അവഗണിച്ചാണ് കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി കരാറുണ്ടാക്കിയത്. പദ്ധതി നവീകരണവുമായി ബന്ധപ്പെട്ട് ബാലാനന്ദൻ കമ്മറ്റി നിശ്ചയിച്ച 100 കോടിയുടെ എസ്റ്റിമേറ്റ് എങ്ങനെയാണ് 374 കോടിയിലേയ്ക്ക് എത്തിയതെന്ന് പിണറായി വിശദീകരിക്കണം. കരാറിൽ സംസ്ഥാന സർക്കാരിന് നഷ്‌ടമുണ്ടായെന്ന് കണ്ടെത്തിയത് സിഎജിയാണ്. പ്രതികളുടെ പേരിൽ ആരോപിയ്ക്കപ്പെട്ട കുറ്റം റദ്ദാക്കിയ സിബിഐ കോടതി നടപടിയെ ഹൈക്കോടതി ഉചിതമായ നിലപാടിലൂടെ തിരുത്തുകയാണ് ചെയ്‌തതെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
ലാവലിന്‍കേസ് സംബന്ധിച്ച് തനിക്ക് യാതൊരു ഭയവുമില്ലെന്നാണ് പിണറായി രാവിലെ പറഞ്ഞത്. കേസില്‍ എത്രയും വേഗം വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട ആളാണ് താന്‍. ആരോ എന്തോ പറയുന്നതു കേട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നടപടി ശരിയല്ല. കേസില്‍ കുറ്റാരോപിതര്‍ക്കെതിരേ തെളിവില്ലെന്നു കണ്ട കോടതി കേസ് റദ്ദാക്കിയതാണെന്നും പിണറായി വ്യക്തമാക്കി.
ലാവലിന്‍ കേസ് സംബന്ധിച്ച് തനിക്കോ സിപിഎമ്മിനോ യാതൊരു ഭയവുമില്ല. കേസില്‍ വിചാരണ വേഗത്തിലാക്കുന്നതിനും അന്വേഷണം സുഗമമായി നടക്കുന്നതിനും താന്‍ തന്നെ മുന്‍ കൈയെടുത്തിട്ടുണ്ട്. വാദവും പ്രതിവാദവും കഴിഞ്ഞാണ് കുറ്റാരോപിതര്‍ക്കെതിരെ തെളിവില്ലെന്നു കണ്ടതും കേസ് പോലും റദ്ദാക്കിയതെന്നും പിണറായി പറഞ്ഞു.
ചില അമ്പ്‌കാരികളുടെ മാനസപുത്രനായ സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പാവയാവുകയാണ്. അദ്ദേഹത്തിന്റെ അബ്‌കാരി ബന്ധം പലര്‍ക്കും അറിയാവുന്നതാണ്. അബ്കാരിയായ ഹിറ്റ്‌സ് മധുവിന്റെ കാറാണ് സുധീരന്‍ ഉപയോഗിക്കുന്നത്. വ്യക്തിപരമായി ആരോപണം ഉന്നയിക്കുന്നതു തന്റെ ശീലമല്ല. പക്ഷേ, കൂടുതല്‍ വിറകൊണ്ടു പറയുമ്പോള്‍ ചില കാര്യങ്ങള്‍ പറയേണ്ടിവരുകയാണെന്നും പിണറായി വ്യക്തമാക്കിയിരുന്നു.