ബാറില്‍ വീണ്ടും കൂട്ടയടി; സുധീരനെതിരെ ഐ ഗ്രൂപ്പ് പരാതി നല്‍കും

Webdunia
ശനി, 23 ഓഗസ്റ്റ് 2014 (12:29 IST)
ബാര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരനെതിരെ ഐ ഗ്രൂപ്പിൽ പടയൊരുക്കം. സുധീരനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ ഒരുങ്ങുകയാണ് ഐ ഗ്രൂപ്പ് നേതാക്കൾ.

ബാർ ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഹൈക്കോടതിയുടെ നിർദ്ദേശം വന്നതിനു ശേഷവും സുധീരന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നു എന്നിട്ടും സര്‍ക്കാരിനെയും ചില നേതാക്കളെയും സുധീരന്‍ മദ്യത്തിന്റെ വക്താക്കളാക്കി. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രസംഗം സർക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്നും നേതാക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടും.

സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ മാത്രമാണ് സുധീരൻ ശ്രമിക്കുന്നത്. വ്യക്തി താൽപര്യം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിഭാഗീയതയ്ക്ക് ഇടയാക്കുമെന്നും പരാതിയില്‍ ഐ ഗ്രൂപ്പ് വ്യക്തമാക്കും. സർക്കാരിനെ പലപ്പോഴും വെട്ടിലാക്കുന്നതും ഒറ്റപ്പെടുത്തുന്നതുമായിരുന്നു സുധീരന്റെ നിലപാടുകൾ. ബാർ പ്രശ്നത്തിൽ സമുദായ നേതാക്കളെയും മതമേലദ്ധ്യക്ഷന്മാരെയും സർക്കാരിനെതിരാക്കിയെന്നും ഐ ഗ്രൂപ്പ് ആരോപിക്കുന്നു.