വിഎം സുധീരൻ ഡല്‍ഹി യാത്ര റദ്ദു ചെയ്തു; മുഖ്യമന്ത്രിയും ഡൽഹിക്ക് പോയേക്കില്ല

തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (08:42 IST)
കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ കെ പി സി സി അധ്യക്ഷൻ ഡൽഹിക്ക് പോകില്ല. ഇരുപത്തിരണ്ടാം തിയതി ചൊവ്വാഴ്ച കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ വി എം സുധീരനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡൽഹിക്ക് പോകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചെന്നായിരുന്നു വാർത്തകൾ.

അതേസമയം, ഇരുപത്തിരണ്ടാം തിയതിയിലെ കൂടിക്കാഴ്ച നേരത്തെ തീരുമാനിച്ചതാണെന്നും ആഭ്യന്തരമന്ത്രി ഹൈക്കമാൻഡിന് അയച്ചെന്ന് പറയപ്പെടുന്ന കത്തുമായി അതിന് ബന്ധമില്ലെന്നും കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. ഇതിനായി മുഖ്യമന്ത്രിക്കും തനിക്കും ആഭ്യന്തരമന്ത്രിക്കുമുള്ള ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ, പിന്നീട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശനിയാഴ്ച ഡൽഹിക്ക് തിരിക്കുകയും ഡൽഹിയിലുള്ള കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിക്കൊപ്പം അദ്ദേഹം അമേരിക്കയിലേക്ക് പോകുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക