സുധീരന്‍ കളി തുടങ്ങി: കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതി വികസിപ്പിച്ചു

Webdunia
ചൊവ്വ, 23 ഡിസം‌ബര്‍ 2014 (09:12 IST)
മദ്യനയത്തിലെ പ്രായോഗിക മാറ്റത്തെ എതിര്‍ത്ത കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചതോടെ സുധീരനും ശക്തി തെളിയിക്കാനുള്ള ശ്രമം തുടങ്ങി. തന്നോട് അടുപ്പമുള്ള നാല് നേതാക്കളെ ഉള്‍പ്പെടുത്തിയാണ് കെപിസിസി - സര്‍ക്കാര്‍ ഏകോപനസമിതി വികസിപ്പിച്ചത്. ഇതോടെ സമിതിയിലെ അംഗങ്ങളുടെ എണ്ണം 16 ആയി.

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ലോക്സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ്, ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി വിപ്പ് കെ.സി. വേണുഗോപാല്‍, കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ് എന്നിവരാണു പുതിയ അംഗങ്ങള്‍. മദ്യനയത്തിലെ പിന്തുണ തേടി മുഖ്യമന്ത്രിന്‍ ഉമ്മന്‍ചാണ്ടി  നിയമസഭാകക്ഷി യോഗം വിളിച്ച അതേ ദിവസം തന്നെയാണ് കേരളത്തിനു പുറത്തു പ്രവര്‍ത്തിക്കുന്ന മൂന്ന് നേതാക്കളെ ഉള്‍പ്പെടുത്തി സുധീരനും ശക്തി തെളിയിക്കാന്‍ ഒരുങ്ങിയത്.

പിജെ കുര്യനും കൊടിക്കുന്നില്‍ സുരേഷും എ വിഭാഗക്കാരും കെസി വേണുഗോപാലും ലാലി വിന്‍സന്റും ഐ വിഭാഗക്കാരുമാണെങ്കിലും സുധീരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. കെപിസിസി - സര്‍ക്കാര്‍ ഏകോപനസമിതി വികസിപ്പിച്ചതോടെ തനിക്കെതിരെയുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ കഴിയുമെന്നാണ് സുധീരന്‍ കരുതുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.